lakshya

‘നീണ്ട 25 വർഷങ്ങൾ, മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ’- സഹോദരിയുടെ ഓർമ്മകളിൽ പാർവതി

May 28, 2021

മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ മികച്ച കഥാപത്രങ്ങളെ സമ്മാനിച്ചാണ് നടി പാർവതി കുടുംബജീവിതത്തിലേക്ക് ചേക്കേറിയത്. നടൻ ജയറാമുമായുള്ള വിവാഹശേഷം പാർവതി വെള്ളിത്തിരയിൽ നിന്നും അകന്നുനിന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി ഇപ്പോഴിതാ, അകാലത്തിൽ നഷ്‌ടമായ കുഞ്ഞനുജത്തിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

25 വർഷങ്ങൾക്ക് മുൻപ് വിടപറഞ്ഞ സഹോദരിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പാർവതി ഓർമ്മകൾ കുറിച്ചത്.’ നീണ്ട 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി, എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്.. അവസാന ശ്വാസം വരെ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ..’- പാർവതി കുറിക്കുന്നു.

Read More: അഭിനയം പോലെ മനോഹരം ആലാപനവും; പാടി വിസ്മയിപ്പിച്ച് ഗായത്രി അരുൺ

പാർവതിയുടെ രണ്ടു സഹോദരിമാരിൽ ഇളയയാളാണ് 25 വർഷം മുൻപ് മരണമടഞ്ഞ ദീപ്‌തി. ജ്യോതി എന്ന മൂത്ത സഹോദരി കൂടിയുണ്ട്. രാമചന്ദ്ര കുറുപ്പിന്റെയും പത്മഭായിയുടെയും മക്കളാണ് ഇവർ. അശ്വതി എന്ന പേര് സിനിമയിലേക്ക് എത്തിയപ്പോൾ പാർവതിയായി. ആരണ്യകം എന്ന ചിത്രത്തിൽ പാർവതിക്കൊപ്പം ദീപ്‌തിയും വേഷമിട്ടിരുന്നു.

അപരൻ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ജയറാമാണ് പാർവതിയെ വിവാഹം ചെയ്തത്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജയറാമും പാർവതിയും 1992ലാണ് വിവാഹിതരായത്. ആറു വര്ഷം മാത്രമേ പാർവതി വെള്ളിത്തിരയിൽ സജീവമായിരുന്നുള്ളുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് താരം. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്.

Story highlights- parvathy about her sister