തിയേറ്റർ റിലീസിന് ശേഷം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും പത്തോളം ഭാഷകളിൽ ‘ആർആർആർ’

May 27, 2021

രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആർആർആർ റിലീസിന് ഒരുങ്ങുന്നു. ചിത്രം തിയേറ്റർ റിലീസിന് പുറമെ നെറ്റ്ഫ്ലിക്സ്, സീ5 പ്ലാറ്റ്ഫോമുകളിലും ലഭ്യമായിരിക്കും. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകൾ സീ5ലും ആർ‌ആർ‌ആറിന്റെ ഹിന്ദി, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് പതിപ്പുകൾ നെറ്റ്ഫ്ലിക്സിലും ലഭ്യമാകും.

ജൂനിയർ എൻ‌ടി‌ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Read More: 100 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് വംശനാശം നേരിട്ടുവെന്ന് കരുതിയ ഭീമൻ ആമയെ

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ചിത്രത്തിൽ സീതയായാണ് ആലിയ വേഷമിടുന്നത്. 

Story highlights- RRR release