കാണാന്‍ സാധിക്കാത്ത ആ ശില്‍പത്തിന്റെ വില 13 ലക്ഷം രൂപ

June 7, 2021
Invisible sculpture by Italian artist

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. അദൃശ്യമായ ഒരു കലാസൃഷ്ടി വിറ്റുപോയത് 13 ലക്ഷം രൂപയ്ക്കാണ്. ഇറ്റാലിയന്‍ കലാകാരനായ സാല്‍വദോര്‍ ഗരാവോ ആണ് ഈ അപൂര്‍വ കലാസൃഷ്ടിക്ക് പിന്നില്‍. കാണാന്‍ സാധിക്കില്ല എന്നതാണ് ഈ ശില്‍പത്തിന്റെ പ്രത്യേകത. അതായത് ശില്‍പത്തിലേക്ക് നോക്കിയാല്‍ അവിടെ ഒന്നുമില്ല. വെറും ശൂന്യമായ അവസ്ഥ.

പിന്നെ എങ്ങനെ ഈ ശില്‍പം വിശ്വസിച്ചു വാങ്ങി എന്നാവും പലരുടേയും സംശയം. അതിനും ഉത്തരമുണ്ട്. ഈ ചിത്രം യഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്ന ആധികാരികമായ രേഖയും വാങ്ങുന്നയാള്‍ക്ക് നല്‍കിയിട്ടുണ്ട്. ലോ സൊനോ എന്നാണ് ഈ കലാസൃഷ്ടിക്ക് ചിത്രകാരന്‍ നല്‍കിയിരിക്കുന്ന പേര്. ഞാന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

Read more: മരത്തില്‍ നിന്നും താഴേക്കോ അതോ മരത്തിന് മുകളിലേക്കോ; മലയാളി പകര്‍ത്തിയ ഒറാങ് ഉട്ടാന്റെ ചിത്രത്തിന്റെ കഥയറിയാം

മുന്‍പ് ഒരിക്കല്‍ മിലാനിലെ പിയാസ ഡെല്ലാ സ്‌കാലയില്‍ സാല്‍വദോര്‍ ഗരാവോ ഇത്തരത്തിലുള്ള മറ്റൊരു അദൃശ്യ ശില്‍പവും പ്രദര്‍ശിപ്പിച്ചിരുന്നു. ബുദ്ധ ഇന്‍ കണ്ടംപ്ലേഷന്‍ എന്നായിരുന്നു ആ കലാസൃഷ്ടിക്ക് അദ്ദേഹം നല്‍കിയ പേര്. അതേസമയം ഈ കലാസൃഷ്ടിയെ വിമര്‍ശിക്കുന്നവരും ഏറെയാണ്. എന്തിനേയും ഏതിനേയും കല എന്ന് വിശേഷിപ്പിക്കരുത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ അദ്യശ്യമായ ഈ ശില്‍പം നിറയെ ഊര്‍ജമാണെന്നും ഊര്‍ജ്ജമല്ലാതെ മറ്റൊന്നും അതില്‍ ഇല്ലെന്നും കലാകാരന്‍ അവകാശപ്പെടുന്നു. ഈ ഊര്‍ജം ബാഷ്പീകരിക്കപ്പെട്ട് നമ്മളിലേക്ക് തന്നെ എത്തപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. എന്തായാലും കാഴ്ചയില്‍ വെറും ശൂന്യമാണെങ്കിലും 13 ലക്ഷം രൂപയ്ക്ക് ആ കലാസൃഷ്ടി വിറ്റുപോയി എന്നതുതന്നെയാണ് കൗതുകകരം.

Story highlights: Invisible sculpture by Italian artist