അര്‍ധരാത്രിയില്‍ കേടായ ഓക്‌സിജന്‍ ടാങ്കര്‍ സൗജന്യമായി നന്നാക്കിയ യുവാക്കള്‍; കൈയടിച്ച് മോട്ടോര്‍ വാഹന വകുപ്പും

June 1, 2021
MVD shares story of youth repairing oxygen tanker at midnight

കൊവിഡ് പോരാട്ടത്തിന് കരുത്തേകുന്ന നിരവധി മാതൃകകള്‍ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൊവിഡ് പോരാട്ടത്തില്‍ ഭാഗമാകുന്നവരും ഏറെയാണ്. അത്തരമൊരു മാതൃകയാണ് കേരളാ മോട്ടോര്‍ വാഹന വകുപ്പും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. അര്‍ധരാത്രി കേടായ ഓക്‌സിജന്‍ ടാങ്കര്‍ സൗജന്യമായി നന്നാക്കിയ യുവാക്കളെക്കുറിച്ചുള്ളതാണ് ഈ പോസ്റ്റ്.

മോട്ടോര്‍വാഹന വകുപ്പ് പങ്കുവെച്ച കുറിപ്പ്

തൃശ്ശൂര്‍ പാലക്കാട്ട് അതിര്‍ത്തിയായ വാണിയമ്പാറയില്‍ തൃശൂര്‍ എന്‍ഫോഴ് മെന്‍ന്റ് AMVIമാരായ പ്രവീണ്‍ P P, സനീഷ്TP, ഡ്രൈവര്‍ അനീഷ് MA എന്നിവര്‍ ഒക്‌സിജന്‍ കയറ്റി വന്ന TN 88B 6702 ടാങ്കര്‍ പൈലറ്റ് ചെയ്ത് വരവെ ഏകദേശം രാത്രി 12.30 ആയപ്പോള്‍ നടത്തറയില്‍ വച്ച് എയര്‍ ലീക്ക് ശ്രദ്ധയില്‍ പെട്ട. വാഹനം നിര്‍ത്തി പരിശോധിച്ചതില്‍ പിന്‍വശത്തെ ഇടതുഭാഗത്തെ ബ്രേക്ക് ആക്ടിവേറ്റ് ചെയ്യുന്ന ബൂസ്റ്ററില്‍ നിന്നാണെന്ന് സ്ഥിതീകരിച്ചു. വെളിച്ച കുറവ് മൂലം വാഹനം എമര്‍ജന്‍സി ലൈറ്റ് ഇട്ടു കൊണ്ട് ശ്രദ്ധയോടെ പാലിയേക്കര ടോള്‍ പ്ലാസക്കടുത്തുള്ള റോഡ് സൈഡില്‍ ഒതുക്കി നിര്‍ത്തി.

ഇതിനിടയില്‍ പ്രവീണും, സനീഷും,MVl ബിജോയ് പീറ്ററും, AMVI സജീവ് എന്നിവരും പല നമ്പറിലും ടി വി എസ് സര്‍വീസ് സെന്ററുകളിലെ പലരെയും മറ്റും വിളിച്ച് നോക്കിയെങ്കിലും ആരും ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയുണ്ടായില്ല. തുടര്‍ന്ന് KSRTC അങ്കമാലി ആലുവ റീജെണല്‍ വര്‍ക്ക് ഷോപ്പ് എന്നിവിടങ്ങളില്‍ ആളും പാര്‍ട്ട്‌സും കിട്ടുമോ എന്ന് അന്വേഷിച്ചെങ്കിലും പെട്ടന്ന് കണ്‍ഫോം ചെയ്ത് കിട്ടിയില്ല. തുടര്‍ന്ന് സ്ഥലത്തെ പറ്റി നല്ല ധാരണയുള്ളതിനാല്‍ അവര്‍ തൊട്ടടുത്തുള്ള പയനിയര്‍ ഓട്ടോ ഗ്യാരേജില്‍ രാത്രി ആരെങ്കിലും ഉണ്ടാകും എന്ന് കരുതി ചെന്ന് നോക്കിയെങ്കിലും വര്‍ക്ക്‌ഷോപ്പില്‍ ആളുണ്ടായിരുന്നില്ല.

വര്‍ക്ക്‌ഷോപ്പ് നടത്തുന്ന അനൂപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവുമായി ഉദ്യോഗസ്ഥര്‍ പോകുകയും അനൂപിനേയും അഖിലിനെയും വിളിച്ചെഴുന്നേല്‍പ്പിച്ച് കാര്യം പറയുകയും ചെയ്തു. കേള്‍ക്കേണ്ട താമസം അഖില്‍ ടൂള്‍കിറ്റുമായി റെഡി. ഡിപ്പാര്‍ട്ട്‌മെന്റ് വണ്ടിയില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ കൊവിഡ് ഒക്കെയല്ലെ വര്‍ക്ക്‌ഷോപ്പില്‍ പല ആളുകള്‍ വരുന്നതല്ലെ എന്ന് പറഞ്ഞ് സ്വന്തം ടൂവീലറില്‍ അനുജന്‍ അനൂപിനെയും കൂട്ടി ഉദ്യോഗസ്ഥര്‍ക്കൊപ്പം പാലിയേക്കരയിലേക്ക് തിരിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത് കൊണ്ട് പെട്ടന്നു തന്നെ വണ്ടിയുടെ അടിയിലേക്ക് അഖില്‍ ലൈറ്റുമായി കയറിപ്പോയി. ലീക്ക് ചെക്ക് ചെയ്ത് കംപ്ലയിന്റ് കണ്ടെത്തി.സമയം ക്രിട്ടിക്കല്‍ ആയതിനാല്‍ പിന്നില്‍ മള്‍ട്ടി ആക്‌സില്‍ കോമ്പിനേഷനിലെ ഇടതുവശത്തെ ഒരു സെറ്റിലേക്ക് മാത്രമുള്ള എയര്‍ പൈപ്പ് ബ്ലോക്ക് ചെയ്ത് തത്ക്കാലം ലീക്ക് നിര്‍ത്തി വണ്ടി ധൈര്യമായി കൊണ്ടു പോയ്‌ക്കോളാന്‍ ഡ്രൈവറെ അറിയിച്ചു.

അര മണിക്കൂറിനുള്ളില്‍ കാര്യം കഴിഞ്ഞു. കൂലിയുടെ കാര്യം ആരാഞ്ഞപ്പോള്‍ ‘സാറെ കൊവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വണ്ടിയല്ലെ എന്റെ പണിക്കാശ് വേണ്ട ഞാന്‍ MVD ക്ക് ഒപ്പം’. ഉദ്യോഗസ്ഥര്‍ വളരെ നിര്‍ബന്ധിച്ചെങ്കിലും അഖില്‍ ഉറച്ചുതന്നെയായിരുന്നു. ”സര്‍ ഇനി സമയം കളയേണ്ട വേഗം വിട്ടോളു”എന്നായി അഖില്‍..

അഖില്‍, അനൂപ് ഒപ്പം സമാന സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്ന ആയിരക്കണക്കിന് അജ്ഞാത സുഹൃത്തുക്കള്‍ …. നിങ്ങള്‍ക്ക് ഞങ്ങളുടേയും ഈ ഓക്‌സിജന്‍ കാത്തിരുന്ന നൂറുകണക്കിന് രോഗികളുള്‍പ്പെടെ എല്ലാ കേരളീയരുടെ വക ഹൃദയം നിറഞ്ഞ നന്ദി…..

Story highlights: MVD shares story of youth repairing oxygen tanker at midnight