മരണം കവര്‍ന്നെടുത്ത പൂവച്ചല്‍ ഖാദറിനെ ഓര്‍ത്ത് പാടി ഷഹബാസ് അമന്‍

June 22, 2021
Shahabaz Aman about Poovachal Khader

കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പൂവച്ചല്‍ ഖാദറിന്റേത്. കവിയും ഗാനരചയിതാവുമായ അദ്ദേഹം കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞെങ്കിലും മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റും അദ്ദേഹം സമ്മാനിച്ച നിരവധി ഗാനങ്ങള്‍. തിങ്കളാഴ്ച രാത്രി ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് പൂവച്ചല്‍ ഖാദര്‍ മരണപ്പെട്ടത്.

നിരവധിപ്പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തി. ഗായകന്‍ ഷഹബാസ് അമന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. മുത്ത് പോലത്തെ മനുഷ്യന്‍ എന്നാണ് അദ്ദേഹം പൂവച്ചല്‍ ഖാദറിനെ വിശേഷിപ്പിച്ചത്. ചിരിക്കാന്‍ മറന്നു നീ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ഷഹബാസ് അമന്‍ മരണം കവര്‍ന്നെടുത്ത പ്രിയ കലാകാരനെ അനുസ്മരിച്ചത്.

ഷഹബാസ് അമന്റെ വാക്കുകള്‍

‘മുത്ത്‌പോലത്തെ ഒരു മനുഷ്യനായിരുന്നു ഖാദര്‍ക്ക! സദാ പുഞ്ചിരി തൂവുന്ന സൗമ്യന്‍! ‘ഗാനരചന: പൂവച്ചല്‍ ഖാദര്‍’ എന്ന് റേഡിയോയില്‍ കേട്ട് വളര്‍ന്ന ഒരു കുട്ടിക്ക് പില്‍ക്കാലത്ത് അദ്ദേഹവുമായി ചേര്‍ന്ന് ഒരു വര്‍ക്ക് ചെയ്യാനും അതിലുപരി നല്ല ഒരു വ്യക്തിബന്ധം നില നിര്‍ത്താനും കഴിഞ്ഞതില്‍ വലിയ അഭിമാനവും ആശ്വാസവും തോന്നുന്നു. പ്രിയ ഖാദര്‍ക്കാ.. വിട പറയുന്നില്ല. എല്ലാറ്റിനും നന്ദി. എല്ലാവരോടും സ്‌നേഹം’.

Story highlights: Shahabaz Aman about Poovachal Khader