‘കാവ്യകുടുംബത്തിലെ അനുജന്മാര്‍ യാത്ര പറയുമ്പോള്‍ ജ്യേഷ്ഠനായ ഞാന്‍ നിസ്സഹായനായി എല്ലാം കണ്ടു നില്‍ക്കുന്നു’; ഉള്ളുതൊട്ട് ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍

June 24, 2021
Sreekumaran Thampi about Poovachal Khader

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ ശരിയാണെന്ന് തോന്നും. പ്രതീക്ഷിക്കാതെ നേരത്താണ് പ്രിയപ്പെട്ട പലരേയും മരണം കവര്‍ന്നെടുക്കുന്നത്. മലയാളികള്‍ക്ക് നിരവധി ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദറിനേയും മരണം കവര്‍ന്നു. ജൂണ്‍ 22 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടത്.

കലാലോകത്തിന് നികത്താനാവാത്തതാണ് പൂവച്ചല്‍ ഖാദറിന്റെ നഷ്ടം. ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ അലടയിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ഓര്‍മകള്‍. മലയാളമനസ്സുകളില്‍ എക്കാലത്തും കുടിയിരിക്കാന്‍ തക്കവണ്ണം അത്രമേല്‍ മനോഹരങ്ങളായ വരികളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചതും.

Read more: മലയാളികള്‍ ഹൃദയത്തിലേറ്റുന്ന പ്രണയഗാനവുമായി വൈഗയും ശ്രീനാഥും

പൂവച്ചല്‍ ഖാദറിന്റെ അടുത്ത സുഹൃത്തായിരുന്നു ശ്രീകുമാരന്‍ തമ്പി. ഉറ്റ സുഹൃത്തിന്റെ വേര്‍പാടില്‍ ശ്രീകുമാരന്‍ തമ്പി പങ്കുവെച്ച വാക്കുകളും ഉള്ളു തൊടുന്നു. പ്രിയപ്പെട്ട ഒന്നിന്റെ വിയോഗം എത്രമേല്‍ വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുകയാണ് ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍.

അദ്ദേഹം കുറിച്ചത്

ഒടുവില്‍ പൂവച്ചല്‍ ഖാദറും പോയി. രണ്ടു വര്‍ഷങ്ങളായി ഖാദര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. നടക്കുമ്പോള്‍ തല ചുറ്റുന്നതു പോലെ തോന്നും എന്നു പറയും .ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കാണുമായിരുന്നു.കൊറോണ കാലമായപ്പോള്‍ ആശയവിനിമയം ഫോണിലൂടെ മാത്രമായി. വ്യക്തിജീവിതത്തിലും ഖാദര്‍ എന്നെ സ്വന്തം ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നു. ഖാദറിന്റെ രണ്ടു പെണ്മക്കളുടെ വിവാഹങ്ങളോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങുകളില്‍ പോലും ഖാദര്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് എന്നെ നിര്‍ബ്ബന്ധിച്ച് ഇരുത്തുകയുണ്ടായി. . ഖാദറിന്റെ കൊച്ചുമക്കള്‍ക്ക് ഞാന്‍ തമ്പിയപ്പൂപ്പനാണ്. നഷ്ടങ്ങളുടെ കഥ തുടരുന്നു. കാവ്യകുടുംബത്തിലെ അനുജന്മാര്‍ യാത്ര പറയുമ്പോള്‍ ജ്യേഷ്ഠനായ ഞാന്‍ നിസ്സഹായനായി എല്ലാം കണ്ടു നില്‍ക്കുന്നു. ആദിയെവിടെ അന്ത്യമെവിടെ പായുന്നു കാലമാം പടക്കുതിര.

Story highlights: Sreekumaran Thampi about Poovachal Khader