ഹൃദയ സരസ്സുകള്‍ ഏറ്റുപാടുന്ന സുന്ദര പ്രണയഗീതങ്ങള്‍, ഹൃദയം കൊണ്ടെഴുതിയ വരികള്‍; ശ്രീകുമാരന്‍ തമ്പിക്ക് എണ്‍പതാം പിറന്നാള്‍

March 16, 2020

കാലത്തിന്റെ കുത്തൊഴുക്കില്‍ പെടാത്ത ശുദ്ധ സംഗീതത്തിന്റെ സൗന്ദര്യം; ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നതും അതായിരുന്നു. എത്ര കേട്ടാലും മതിവരാത്ത, അല്ലെങ്കില്‍ കേള്‍ക്കും തോറും ഇഷ്ടം കൂടുന്ന ഒരു മാന്ത്രികതയുണ്ട് ആ വരികളില്‍. മഹാരഥന്‍ ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. ‘ഹൃദയഗീതങ്ങളുടെ കവി’ എന്നാണ് ശ്രീകുമാരന്‍ തമ്പി അറിയപ്പടുന്നത്. പ്രണയത്തെ അത്രമേല്‍ ആഴത്തില്‍ വരികളിലൂടെ പ്രിതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കാലാന്തരങ്ങള്‍ക്കും അപ്പുറം നിത്യശോഭയോടെ തെളിഞ്ഞു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്‍റെ വരികള്‍. തലമുറകളുടെ ഹൃദയസരസ്സുകളില്‍ ഇടം നേടിയ നിത്യ സുന്ദര ഗാനങ്ങള്‍. മൂവായിരത്തിലേറെ ഗാനങ്ങള്‍ വിരിഞ്ഞിട്ടുണ്ട് ഈ മഹാരഥന്റെ തൂലികയില്‍.

‘അകലെയകലെ നീലാകാശം…,’ ‘ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്ന…’, ‘ഹൃദയസരസ്സിലേ…’, ‘ചന്ദ്രികയിലലിയുന്നു…’, ‘ഉത്തരാസ്വയംവരം…’, ‘പാടാത്ത വീണയും…’, 1970 കളിലെ സുന്ദര ഗാനങ്ങളെല്ലാം ശ്രീകുമാരന്‍ തമ്പിയുടെ സൃഷ്ടികളാണ്. പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും ഒരു പൈതൃകം എന്നോണം ഈ പാട്ടുകള്‍ തലമുറകള്‍ ഏറ്റു പാടിക്കൊണ്ടേയിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നിത്യയൗവ്വനത്തിലാണ് ഈ ഗാനങ്ങള്‍ എന്നു പറയാം.

ചലച്ചിത്ര ഗാനരചയിതാവ് എന്ന രണ്ട് വാക്കുകളില്‍ മാത്രം ഒതുക്കാന്‍ ആവില്ല ശ്രീകുമാരന്‍ തമ്പി എന്ന അതുല്യപ്രതിഭയെ. ഗാനരചയിതാവിനുമപ്പുറം, എഴുത്തുകാരനും, സംവിധായകനും നിര്‍മാതാവും, സംഗീത സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് ഇദ്ദേഹം. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പകരക്കാരനില്ലാത്ത അതുല്യ പ്രതിഭ.

കളരിക്കല്‍ കൃഷ്ണപിളളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി 1940 മാര്‍ച്ച് 16-നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ജനനം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ജന്മദേശം. എഞ്ചിനിയറിംഗ് ബിരുധദാരിയായ ശ്രീകുമാരന്‍ തമ്പി പഠനകാലത്ത് കവിതകളും ഗാനങ്ങളുമൊക്കെ എഴുതി ശ്രദ്ധ നേടി. തന്റെ ഇരുപതാമത്തെ വയസ്സിലാണ് ആദ്യത്തെ കവിതാ സമാഹാരമായ ‘ഒരു കവിയും കുറേ മാലാഖമാരും’ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്.

1966-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1966-ല്‍ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര പ്രവേശനം. പിന്നീട് എത്രയെത്ര ഗാനങ്ങള്‍ പിറന്നു ആ വിരല്‍ത്തുമ്പില്‍…

എഴുപത്തിയെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട് ഇദ്ദേഹം. തോപ്പില്‍ ഭാസിക്കും എസ് എല്‍ പുരത്തിനും ശേഷം മലയാള സിനിമയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ് ശ്രീകുമാരന്‍ തമ്പി. കാലം മായ്ക്കാത്ത സുന്ദര പ്രണയകാവ്യങ്ങള്‍ മലയാള മനസ്സുകള്‍ക്ക് സമ്മാനിച്ച മഹാരഥന് പിറന്നാള്‍ മംഗളങ്ങള്‍…