സ്‌കൂളില്‍ സ്‌കേട്ട് ധരിച്ചെത്തിയ അധ്യാപകരും ആണ്‍കുട്ടികളും; ഇത് വേറിട്ട പ്രതിഷേധത്തിന്റെ കഥ

June 10, 2021
Teachers in Spain Wear Skirts to Support Gender Equality

ക്ലാസ്മുറിയില്‍ ബോര്‍ഡിന് സമീപത്തായി നില്‍ക്കുന്ന ഒരു അധ്യാപകന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രമാണ് ഇത്. എന്നാല്‍ ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. അത് അധ്യാപകന്റെ വസ്ത്രധാരണമാണ്. സ്‌കേട്ട് (പാവാട) ആണ് ഈ അധ്യാപകന്‍ ധരിച്ചിരിക്കുന്നത്. ഫാന്‍സിഡ്രസ് മത്സരമൊന്നുമല്ല, ഇതൊരു പ്രതിഷേധമാണ്.

സ്‌പെയിനില്‍ മികച്ച സ്വീകാര്യത നേടുന്ന ശക്തമായ ഒരു പ്രതിഷേധം. ലിംഗസമത്വം ഉറപ്പാക്കുന്നതിനും വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ളതാണ് അല്‍പം വ്യത്യസ്തമായ ഈ പ്രതിഷേധം എന്നു പറയാം. എന്നാല്‍ അടുത്തിടെ പെട്ടെന്ന് ഒരുദിവസം ഉടലെടുത്തതല്ല ഈ പ്രതിഷേധം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവങ്ങളുടെ എല്ലാം തുടക്കം.

Read more: പ്രായം അഞ്ച് വയസ്സ്; ആംഗ്യഭാഷ പഠിപ്പിക്കുന്ന കുഞ്ഞ് അധ്യാപകന്‍

അന്ന് സ്‌കൂളില്‍ സ്‌കേട്ട് ധരിച്ചെത്തിയ മൈക്കിള്‍ ഗോമസ് എന്ന പതിനഞ്ചുകാരനാണ് വേറിട്ട ഈ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പക്ഷെ അന്ന് എല്ലാവരും ആ കുട്ടിയെ പരിഹസിച്ചു. ചിലര്‍ മൈക്കിളിന് മാനസിക രോഗമാണെന്ന് പോലും പറഞ്ഞു. പക്ഷെ പിന്നീട് മൈക്കിള്‍ തന്നെ എന്തുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ സ്‌കേട്ട് ധരിച്ച് സ്‌കൂളിലെത്തിയതെന്ന് വിഡിയോയിലൂടെ വിശദീകരിച്ചു. അങ്ങനെ പ്രതിഷേധം കൂടുതല്‍ സ്വീകരിക്കപ്പെട്ടു തുടങ്ങി.

പിന്നീട് പല അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം ഈ പ്രതിഷേധത്തിന്റെ ഭാഗമായി. സൈബര്‍ ഇടങ്ങളില്‍ പോലും ശ്രദ്ധ നേടി ഈ പ്രതിഷേധം. അധ്യാപകനായ ജോസ് പിനാസ് എന്നൊരാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍വെച്ച് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ പ്രതിഷേധത്തിന്റെ ഭാഗമായത്. പ്രതിഷേധം ശക്തമായതോടെ ചില സ്‌കൂളുകളില്‍ ലിംഗനീതിയെക്കുറിച്ച് പാഠഭാഗങ്ങളില്‍ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story highlights: Teachers in Spain Wear Skirts to Support Gender Equality