നെയ്മറും മെസ്സിയും കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിത് സ്വപ്ന ഫൈനല്‍

July 10, 2021
Copa America 2021 Final, Argentina vs Brazil

കാല്‍പന്ത് കളിയുടെ ആവേശം അലയടിക്കുകയാണ് ലോകമെമ്പാടും. കായിക പ്രേമികള്‍ കാത്തിരിക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നാളെ പുലര്‍ച്ചെ 5.30 ന് കളമുണരുമ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കിത് സ്വപ്ന ഫൈനല്‍ കൂടിയാണ്.

അര്‍ജന്റീനയും ബ്രസീലുമാണ് കോപ്പ അമേരിക്ക ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ തെളിയുന്ന പേരുകളാണ് ഇരു ടീമുകളുടേതും. അതുകൊണ്ടുതന്നെ കളിക്കളത്തിലെ പോരാട്ടവീര്യം ചെറുതായിരിക്കില്ല, കാണികള്‍ക്കിടയിലെ ആവേശവും.

Read more: അതിസാഹസിക പ്രകടനത്തില്‍ അതിശയിപ്പിച്ച് അഞ്ച് വയസ്സുകാരി

ഈ അങ്കത്തില്‍ ലോകംതന്നെ ഗാലറിയായി മാറുമെന്നുറപ്പാണ്. കരിയറിലെ തന്നെ ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാനാണ് അര്‍ജന്റിനീയന്‍ നായകന്‍ ലയണല്‍ മെസ്സി കളത്തിലിറങ്ങുന്നത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ഗോള്‍വേട്ടയില്‍ പെലെയ്ക്ക് ഒപ്പമെത്തും താരത്തിന്റെ സ്ഥാനം. നാല് ഗോളുകളുമായി ടൂര്‍ണമെന്റിലേയും താരമാണ് മെസ്സി.

കഴിഞ്ഞ തവണ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീല്‍ ആ നേട്ടം ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് നെയ്മര്‍ ആരാധകര്‍. എന്നാല്‍ കഴിഞ്ഞ തവണ കിരീടം നേടിയപ്പോള്‍ നെയ്മര്‍ ടീമിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ നെയ്മറിലും പോരാട്ട വീര്യം കനക്കും.

Story highlights: Copa America 2021 Final, Argentina vs Brazil