നാല് ലക്ഷം രൂപ വിലയുള്ള ഗോള്‍ഡന്‍ ബോയ്

July 16, 2021
The world's most expensive burger The Golden Boy

വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ ആസ്വാദിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണ പ്രിയര്‍ ഏറെയുണ്ട് നമുക്കിടയില്‍. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ പോലും ഭക്ഷണ വിശേഷങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് ഒരു വിഭവം. സംഗതി ഒരു ബര്‍ഗര്‍ ആണ്. എന്നാല്‍ ഇതിന്റെ വിലയോ… നാല് ലക്ഷം രൂപ.

കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട. സംഗതി സത്യം തന്നെയാണ്. ഗോള്‍ഡന്‍ ബോയ് എന്ന് പേരിട്ടിരിക്കുന്ന ഈ ബര്‍ഗര്‍ ആള് നിസ്സാരക്കാരനല്ല. ഡെച്ച് ഷെഫായ റോബര്‍ട്ട് ജെയിന്‍ ഡെ വാനാണ് ഗോള്‍ഡന്‍ ബോയ് എന്ന ബര്‍ഗര്‍ വിഭവത്തിന് പിന്നില്‍. അത്യപൂര്‍വ്വമായ ചേരുവകള്‍ ചേര്‍ത്ത് തയാറാക്കിയതിനാലാണ് ഈ ബര്‍ഗറിന് നാല് ലക്ഷം രൂപ വില വന്നത്.

വിലകൂടിയ കൂണുകള്‍, വാഗ്യൂ എ 5 മീറ്റ്, കിംഗ് ക്രാഞ്ച്, സറ്റര്‍ജിയന്‍ മീനിന്റെ മുട്ടകള്‍, താറാവ് മുട്ട കൊണ്ടുള്ള മയൊണൈസ്, ഡോം പെരിഗണ്‍ ഷാംപെയിന്‍, കോപി ലുവാക്ക് എന്ന കോഫി എന്നിവയൊക്കെ ചേര്‍ത്താണ് ഗോള്‍ഡന്‍ ബോയ് എന്ന ബര്‍ഗര്‍ തയാറാക്കിയിരിക്കുന്നത്. മാത്രമല്ല പേര് സൂചിപ്പിക്കുന്നത് പോലെ ബര്‍ഗറിന് മുകളില്‍ സ്വര്‍ണ്ണം കൊണ്ടുള്ള ലീഫും വെച്ചിരിക്കുന്നു. ഈ ബര്‍ഗറില്‍ നിന്നും ലഭിച്ച തുക നെതര്‍ലന്‍ഡിലെ ഫുഡ് ബാങ്കിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് ഷെഫ് നല്‍കി.

Read more: വീല്‍ ചെയറിലാണ് ജീവിതം; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കായി തളരാതെ കൃഷി ചെയ്യുന്ന പെണ്‍കരുത്ത്

എന്നാല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ ബര്‍ഗര്‍ എന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയത് അമേരിക്കയിലെ ഒരു റസ്‌റ്റോറന്റില്‍ തയാറാക്കിയ ബര്‍ഗറാണ്. മൂന്ന് ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് ആ ബര്‍ഗര്‍ തയാറാക്കിയത്. എന്നാല്‍ അതിന് 352 കിലോ ഗ്രാം ഭാരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത് ഒരാള്‍ക്ക് കഴിച്ചുതീര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഒരാള്‍ക്ക് കഴിച്ചു തീര്‍ക്കാന്‍ സാധിക്കുന്ന വ്യത്യസ്തമായ ബര്‍ഗര്‍ തയാറാക്കാന്‍ ഷെഫ് റോബര്‍ട്ട് ജെയിന്‍ തയാറായത്.

Story highlights: The world’s most expensive burger The Golden Boy