ഇസ്തിരി കടയിലെ കഷ്ടതകളിൽ നിന്നും നാൽപത്തൊന്നാം വയസിൽ നേടിയ ഡോക്ടറേറ്റ്; ഇന്ന് കോളേജ് അധ്യാപിക- മാതൃകയാണ് ഡോക്ടർ അമ്പിളി

October 13, 2021

അപ്രതീക്ഷിതമായാണ് ജീവിതം മാറിമാറിയുന്നത്. ഇന്ന് കണ്ടുമുട്ടുന്നവർ നാളെ ഏത് സാഹചര്യത്തിലായിരിക്കാം എന്നുപോലും പ്രവചിക്കാൻ സാധിക്കില്ല. അമ്പരപ്പിക്കുന്ന ഇത്തരം ജീവിതങ്ങൾ നമ്മൾ നേരിട്ട് കണ്ടും വായിച്ചുമൊക്കെ അടുത്തറിഞ്ഞിട്ടുണ്ട്.ഇങ്ങനെ അവിശ്വസനീയമെന്നു തോന്നുന്ന, ശ്രമിച്ചാൽ വിജയം ഉറപ്പ് എന്ന് തോന്നിപ്പിക്കുന്ന ഒട്ടേറ അനുഭവങ്ങളാണ് ഫ്‌ളവേഴ്‌സ് മൈജി ഒരുകോടി വേദിയിലൂടെ മത്സരാർത്ഥികൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഇപ്പോഴിതാ, കഠിനമായ ജീവിത ദുഃഖങ്ങൾ താണ്ടി വിജയം കൈവരിച്ച അമ്പിളിയാണ് അനുഭവങ്ങൾ പങ്കുവെച്ച് അറിവിന്റെ വേദിയിൽ എത്തിയിരിക്കുന്നത്. വെറും അമ്പിളിയല്ല, ഡോക്ടർ അമ്പിളി. ഇരിങ്ങാലക്കുടക്കാരിയായ അമ്പിളി ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് ഇസ്തിരി തൊഴിലാളിയായ അച്ഛൻ മരിച്ചതോടെ പത്തൊമ്പതുകാരിയായിരുന്ന അമ്പിളിയുടെ പഠനം മുടങ്ങി. ജീവിതവും പ്രതിസന്ധിയിലായി. നിലനിൽപ്പിന് വരുമാനം അത്യാവശ്യമായതോടെ അച്ഛന്റെ ഇസ്തിരി കട അമ്പിളി ഏറ്റെടുത്തു. അമ്പിളി അലക്കി വെളുപ്പിച്ച് തേച്ച് നൽകുന്ന വസ്ത്രങ്ങൾ എല്ലാക്കാലത്തും ഒരു വരുമാനമാകില്ല എന്നും സ്ത്രീകൾക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ജോലിയാണ് ഇതെന്നും അമ്പിളി തിരിച്ചറിഞ്ഞു.

Read More: പായ് വഞ്ചിയിൽ ഒറ്റയ്ക്കുള്ള യാത്ര; എൺപത്തിരണ്ടാം ദിനം അപകടത്തിൽ നട്ടെല്ല് ഒടിഞ്ഞു; നടുക്കടലിൽ രക്ഷയ്‌ക്കെത്തിയത് നാല് രാജ്യങ്ങൾ- മലയാളിയായ അഭിലാഷ് ടോമിയുടെ ഉള്ളുലയ്ക്കുന്ന അനുഭവം

അങ്ങനെ വർഷങ്ങൾക്ക് ശേഷം പഠനത്തിലേക്ക് തിരികെയെത്തി അമ്പിളി. 2008ലാണ് അമ്പിളി ഡിഗ്രിയ്ക്ക് ചേർന്നത്. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ അമ്പിളി പിഎച്ച്ഡി നേടി. മലയാളത്തിലായിരുന്നു അമ്പിളി ഡോക്ടറേറ്റ് നേടിയത്. ഡോക്ടറേറ്റ് നേടുമ്പോൾ അമ്പിളിക്ക് പ്രായം 41. ഇതിനിടെ വിവാഹ ജീവിതത്തിലും തകർച്ച നേരിടേണ്ടിയും വന്നിട്ടും അതൊന്നും വീണ്ടും പഠനത്തിലേക്ക് മടങ്ങിയെത്താൻ അമ്പിളിക്ക് തടസ്സമായില്ല. ഇന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപികയാണ് അമ്പിളി.

Story highlights- flowers orukodi ambili episode