മായയ്ക്ക് ശേഷം അശ്വിനൊപ്പം ‘കണക്റ്റ്’; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നയൻതാര

November 18, 2021

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായികയാണ് നയൻതാര. തമിഴകത്ത് നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്. അശ്വിൻ ശരവൺ സംവിധാനം ചെയ്യുന്ന ‘കണക്റ്റ്’ എന്ന ചിത്രത്തിലാണ് നയൻ‌താര നായികയായി എത്തുന്നത്. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

നയൻതാരയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം മായ എന്ന ചിത്രത്തിന് ശേഷം അശ്വിൻ ശരവണും യൻതാരയും ഒന്നിക്കുന്ന ചിത്രമാണ് ‘കണക്റ്റ്’. നയൻതാരയ്ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്. നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.

Read also: 86 ആം വയസിൽ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി സാലിന മുത്തശ്ശി, ഓർമകളിൽ നാസിഭരണകൂടത്തിന്റെ ക്രൂരതകളുടെ കഥകൾ

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കുള്ളെ രണ്ട് കാതൽ’ എന്ന ചിത്രവും നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിഘ്നേഷ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കുള്ളെ രണ്ട് കാതൽ. വിജയ് സേതുപതി, സാമന്ത എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയായാണ് സിനിമ ഒരുങ്ങുന്നത്. നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

റാംബോ എന്നാണ് ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാതുവാക്കുള്ളെ രണ്ടു കാതൽ’. അണ്ണാത്തെയാണ് നയൻതാരയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം.

Story highlights: nayanthara staring film connect first look out