‘മിഥുന’ത്തിന് ശേഷം പ്രിയദർശനൊപ്പം ഉർവശി; പുതിയ ചിത്രം ഒരുങ്ങുന്നു

November 19, 2021

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിഥുനം. ചിത്രത്തിൽ നായികയായി എത്തിയത് മലയാളത്തിന്റെ പ്രിയതാരം ഉർവശിയും. മിഥുനം പുറത്തിറങ്ങി 28 വർഷങ്ങൾക്ക് ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം അപ്പത്തയിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഉർവശിയുടെ എഴുന്നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ഉർവശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രിയദർശൻ ആരാധകരെ അറിയിച്ചത്. ‘മിഥുനത്തിന് ശേഷം ഏറെ നാളത്തെ കൂടിച്ചേരൽ, വരാനിരിക്കുന്ന തമിഴ് ചിത്രം അപ്പത്തയിലൂടെ വീണ്ടും ഒന്നിക്കുന്നു. ഉർവശിയുടെ 700 മത്തെ ചിത്രമാണ് അപ്പത്ത എന്നാണ് പ്രിയദർശൻ കുറിച്ചത്’.

Read also: ഇത് ഞണ്ടുകളുടെ നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളുള്ള ദ്വീപിന്റെ വിശേഷങ്ങൾ

മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മോഹൻലാൽ നായകനാകുന്ന ചിത്രം ഡിസംബർ 2 മുതലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ.

Story highlights; Priyadarshan and Urvashi team up for new film