‘മലയാള സിനിമയിൽ കൽപനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു’-മലയാളത്തിന്റെ ഹാസ്യ റാണിയുടെ ഓർമകളിൽ മനോജ് കെ ജയൻ
നിഷ്കളങ്കമായ ചിരിയും നർമ്മം കലർന്ന വർത്തമാനങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഹാസ്യ റാണി കൽപന ഓർമ്മയായിട്ട് ഇന്ന് ആറ് വർഷങ്ങൾ തികയുന്നു. മരണം കവർന്നിട്ടും മരിക്കാത്ത ഓർമ്മകളുമായി മലയാളി ഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച ഈ കലാകാരിയുടെ ഓർമ്മയിലാണ് ആരാധകരും സിനിമ താരങ്ങളും. ഇപ്പോഴിതാ കൽപനയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സിനിമ താരം മനോജ് കെ ജയൻ.
‘കൽപനയ്ക്ക് തുല്യം കൽപന മാത്രം, മലയാള സിനിമയിൽ കൽപനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും, സത്യസന്ധമായ വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കൽപനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്നേഹത്തോടെ നിറഞ്ഞ സ്മരണയോടെ പ്രണാമം’- മനോജ് കെ ജയൻ കുറിച്ചു.
മലയാള സിനിമയിൽ ഇത്രമാത്രം മനോഹരമായി ഹാസ്യ രംഗങ്ങൾ കൈകാര്യം ചെയ്ത മറ്റൊരു നടിയും ഉണ്ടായിട്ടില്ല. തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചിരുന്ന ഈ അതുല്യ കലാകാരിയാണ് കൽപന.
ബാല താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച കൽപന നായികയായും സഹനടിയായും തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നു. 1977-ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലും ദിഗ്വിജയത്തിലും ബാലതാരമായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് കൽപന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പാരമ്പര്യമായി പകർന്ന് ലഭിച്ച അഭിനയത്തേയും കലയെയും ആത്മാർത്ഥമായി പ്രണയിച്ച ഈ കലാകാരി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അവസാന മലയാള ചിത്രം ചാർളിയിലെ മേരിയിലെ കഥാപാത്രത്തിന് ശേഷം മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി ആ അതുല്യ പ്രതിഭ സിനിമാ ലോകത്തോടും ജീവിതത്തോടും വിടപറഞ്ഞു.
ശിവന് സംവിധാനം ചെയ്ത യാഗം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലും അരവിന്ദന് സംവിധാനം ചെയ്ത പോക്കുവെയിലിലും നായികയായി തിളങ്ങിയ താരം പിന്നീട് നായികാ കഥാപാത്രങ്ങളിൽ നിന്നും മാറി ഹാസ്യത്തിലേക്ക് ചുവടുവെയ്ക്കുകയായിരുന്നു. പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ചതോടെ മലയാള സിനിമയിലെ പെണ്‍ഹാസ്യതാരപട്ടികയിൽ ഇടം നേടുകയായിരുന്നു ഈ താരറാണി.