ഭക്ഷണത്തിലെ അശ്രദ്ധയും വ്യായാമക്കുറവും നയിക്കുന്നത്…

February 10, 2022

ഭക്ഷണക്രമത്തിലെ അശ്രദ്ധയും വ്യായമക്കുറവുമെല്ലാം ഇന്ന് പലരിലും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇവ മൂലം കൊളസ്‌ട്രോള്‍ കൂടുകയും ചെയ്യുന്നു. പണ്ടൊക്കെ മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന പലതരം ശാരീരിക പ്രശ്‌നങ്ങളും ഇന്ന് യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്നു. ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നത് ഹാര്‍ട്ട് അറ്റാക്ക് പോലുള്ള നിരവധി രോഗങ്ങളിലേക്ക് വഴി തെളിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാനാകും.

ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. ഇതുവഴി ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാം. ചീരയില, മുരിങ്ങയില, തകര തുടങ്ങിയ ഇലക്കറികള്‍ ഏറെ ആരോഗ്യകരമാണ്. അതുപോലെതന്നെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മാതളനാരങ്ങയും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Read also: ഒരു രാത്രികൂടി വിടവാങ്ങവേ… ഓർത്തെടുക്കാം ഹൃദയതാളങ്ങൾ കവർന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ചില ഗാനങ്ങൾ…

ഓറഞ്ച് ജ്യൂസ് കുടിക്കിന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോള്‍ മാറ്റി പകരം നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ച് ജ്യൂസിലുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഓട്‌സും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്. കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ സഹായിക്കുന്നു. ഓട്‌സിനുപുറമെ ബീന്‍സ്, ആപ്പിള്‍, കാരറ്റ്, നെല്ലിക്ക തുടങ്ങിയവയിലും ഫൈബര്‍ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ ദിവസവും നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Story highlights: How to improve your eating habits