അഭിനയത്തിനൊപ്പം ആലാപനവും; ശ്രദ്ധനേടി മഹാന് വേണ്ടി ധ്രുവ് പാടിയ റാപ് സോങ്

February 9, 2022

മലയാളികൾ ഉൾപ്പടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മുഴുവൻ ഇഷ്താരമാണ് വിക്രം. താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുള്ള പ്രേക്ഷകർക്ക് മുഴുവൻ ഇരട്ടി സന്തോഷം നൽകികൊണ്ടായിരുന്നു മഹാൻ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം. ചിയാൻ വിക്രത്തിനൊപ്പം മകൻ ധ്രുവ് കൂടി എത്തുന്നുവെന്നതായിരുന്നു സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതൽ ആകർഷകമാക്കിയത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമടക്കം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അച്ഛനെപോലെത്തന്നെ മകനും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നു എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഇപ്പോഴിതാ അഭിനയത്തിനൊപ്പം ആലാപനവും തനിക്ക് വഴങ്ങുമെന്ന് കാണിക്കുകയാണ് ധ്രുവ്.

ചിത്രത്തിലേതായി പുറത്തുവന്ന റാപ് സ്വഭാവമുള്ള പാട്ടാണ് ധ്രുവ് അതിഗംഭീരമായി ആലപിക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമായി വരികൾ തയാറാക്കിയ മിസ്സിങ് മീ എന്ന ഗാനത്തിന്റെ വരികളും ആലാപനവും ധ്രുവ് തന്നെയാണ്. സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് സന്തോഷ് നാരായണനാണ്.

Read also: ജോലിയുപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങി, ഇന്ന് രാജീവ് പേരയ്ക്ക വിറ്റ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മഹാൻ. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയിൽ ഗാന്ധി മഹാൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് വിക്രം എത്തുന്നത്. ചെന്നൈ പശ്ചാത്തലമാക്കിയതാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിക്രമിനും ധ്രുവിനുമൊപ്പം സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റൂഡിയോസാണ് നിർമിക്കുന്നത്. വിക്രമിന്റെ സിനിമ ജിവിതത്തിലെ 60-മത്തെ ചിത്രം കൂടിയാണിത്.

Story highlights: mahaan song missing me music video dhruv vikram