ഈ മാസം 21 മുതൽ സ്കൂളുകളുടെ പ്രവർത്തനം വൈകുന്നേരം വരെ

February 13, 2022

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി അടഞ്ഞുകിടന്ന സ്കൂളുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. നാളെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കാണ് നാളെ അധ്യയനം ആരംഭിക്കുന്നത്. ഈ ആഴ്ച രാവിലെ മുതൽ ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക. എന്നാൽ ഈ മാസം 21 മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ രാവിലെ മുതൽ വൈകുന്നേരം വരെ ആയിരിക്കും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ച് മാർഗരേഖയും പുറത്തിറക്കി.

ഇനി മുതൽ ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവൃത്തി ദിവസം ആയിരിക്കും. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ ഉണ്ടാകും. എസ് എസ് എൽ സി, പ്ലസ് ടു മാതൃകാ പരീക്ഷ മാർച്ച് 16 ന് തുടങ്ങുമെങ്ങും വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മ പദ്ധതി തയാറാക്കുന്നുണ്ട്. അതേസമയം ക്ലാസ്സിൽ വരാത്ത കുട്ടികളെ തിരിച്ച് കൊണ്ടുവരാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കാൻ പ്രത്യേക പ്രവർത്തനവുമുണ്ടാകും.

വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളുടെ പ്രവർത്തനം സന്ദർശിച്ച് ഉറപ്പുവരുത്തണം, ഇതിന്റെ റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. കുട്ടികളുടെ ഹാജർ എടുത്ത് ഉചിത നടപടികൾ എടുക്കണം. പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് അത് നൽകണം. പാഠഭാഗങ്ങൾ തീരാത്ത സ്കൂളുകളിൽ അധികസമയ ക്ലാസുകൾ വയ്ക്കണം, സ്കൂളികളിൽ ഇടയ്ക്കിടെ പി ടി എ യോഗങ്ങൾ ചേരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story highlights: School reopening in kerala