ചൂടുകാലമെത്തി, ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴയും തണുപ്പും മാറി വേനൽക്കാലമായി. പകൽ സമയത്ത് പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂട് തന്നെ. ചൂടുകാലത്ത് ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടും. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. ചൂടുകാലം ശരീരത്തിലെ താപനിലയും വര്‍ധിക്കുന്നതിനാല്‍ നിര്ജലീകരണാവസ്ഥയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ചൂടുകാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നന്നായി വെള്ളം കുടിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ചൂടുകാലത്ത് ഒരു കുപ്പി വെള്ളം കൈയില്‍ കരുതുന്നതാണ് ഉത്തമം. അതുപോലെ തന്നെ പഴം ജ്യൂസുകള്‍ കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. തള്ളിമത്തന്‍ ജ്യൂസ്, നാരങ്ങാവെള്ളം, നെല്ലിക്ക ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ് എന്നിവയൊക്കെ വേനല്‍കാലത്ത് കുടിക്കുന്നത് ആരോഗ്യകരമാണ്. സംഭാരവും ചൂടുകാലത്ത് ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒന്നാണ്.
ഈ സമയത്ത് ചായയുടെയും കാപ്പിയുടെയും ഉപയോഗം പരമാവധി ഒഴിവാക്കുന്നത് നല്ലത്. ഇവ ശരീരത്തിലെ താപനില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ചായയ്ക്കും കാപ്പിയ്ക്കും പകരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ചൂടുകാലത്ത് ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുന്നതും അത്ര ഗുണകരമല്ല.
Read also; 9-ാം വാർഡിലെ മെമ്പർ രമേശനും കൂട്ടരും പ്രേക്ഷകരിലേക്ക് എത്തുന്നു, ചിത്രം നാളെ മുതൽ…
ഇനിയും ചൂട് കൂടാൻ സാധ്യത കൂടുതലായതിനാൽ ആരോഗ്യകാര്യത്തിൽ ഏറെ കരുതൽ ആവശ്യമാണ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ കൈയിൽ കുട കരുതുന്നത് സൂര്യതാപത്തിൽ നിന്നും രക്ഷനേടാൻ ഒരുപരിധിവരെ സഹായിക്കും. വസ്ത്രങ്ങൾ ധരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഇറുകിയതും ഡാർക്ക് കളറുമുള്ള വസ്ത്രങ്ങൾക്ക് പകരം അയഞ്ഞതും ഇളം നിരത്തിലുള്ളതുമായ വസ്ത്രങ്ങൾ വേണം ഇക്കാലത്ത് ഉപയോഗിക്കാൻ.
Story highlights: Tips for Recovering from Dehydration