അന്നൊരു ഫോട്ടോ എടുക്കാനുള്ള ധൈര്യം പോലുമില്ലായിരുന്നു, ഇന്ന് അദ്ദേഹത്തിന്റെ അഭിനന്ദനം; എ ആർ റഹ്മാനെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് ഹിഷാം

March 7, 2022

ഹൃദയം സിനിമയോടൊപ്പം തന്നെ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ചിത്രത്തിലെ പാട്ടുകളും ഏറ്റെടുത്തത്. ഹിഷാം അബ്ദുൽ വഹാബ് ചെയ്ത ഹൃദയത്തിലെ പാട്ടുകൾ നാളുകളായി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. ആദ്യ ഗാനം മുതൽ ഓരോ ഗാനം റിലീസ് ചെയ്യുമ്പോഴും അവ ട്രെൻഡിങ്ങിൽ ഒന്നാമത് തന്നെയാണ്. വലിയ കയ്യടിയാണ് ഹൃദയത്തിലെ ഗാനങ്ങൾ ചെയ്ത ഹിഷാമിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

ഇപ്പോൾ സാക്ഷാൽ എ ആർ റഹ്മാനെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച ഹിഷാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകരുടെയിടയിൽ വൈറലാവുന്നത്. എ ആർ റഹ്മാനെ നേരിട്ട് കണ്ടപ്പോൾ ഹൃദയത്തിലെ പാട്ടുകളെ പറ്റിയാണ് അദ്ദേഹം പറഞ്ഞതെന്നാണ് ഹിഷാം പറയുന്നത്. ഇന്ത്യ മുഴുവൻ ചിത്രത്തിലെ പാട്ടുകളെ പറ്റിയാണ് സംസാരിക്കുന്നതെന്നും ഹിഷാം മികച്ച രീതിയിലാണ് പാട്ടുകൾ ചെയ്തതെന്നും റഹ്മാൻ പറഞ്ഞതായി ഹിഷാം പോസ്റ്റിൽ പറയുന്നു. വർഷങ്ങൾക്ക് മുൻപ് റഹ്മാനെ കാണാൻ പോയപ്പോഴുണ്ടായ ചില രസകരമായ സംഭവങ്ങളും ഹിഷാം തന്റെ പോസ്റ്റിലൂടെ പങ്കുവെക്കുന്നു.

“2008 ൽ വോയിസ് ടെസ്റ്റിന് വേണ്ടി റഹ്മാൻ സാറിനെ കാണാൻ പോയപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ വിറക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല. മറ്റൊരുതരത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. വർഷങ്ങൾ കടന്നു പോയി. 2014-ൽ അദ്ദേഹത്തിന്റെ മൊബൈൽ വർക്ക് സ്റ്റേഷൻ സജ്ജീകരിക്കുന്നതിനായി വീണ്ടും ഞങ്ങള്‍ തമ്മില്‍ കണ്ടു. എന്നിട്ടും എനിക്കൊരു ഫോട്ടോ എടുക്കാൻ സാധിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ റഹ്മാൻ സാറിനെ വീണ്ടും കണ്ടപ്പോഴും ഒരു ചെറിയ കുട്ടിയുടെ കൗതുകത്തോടെയായിരുന്നു ഞാന്‍ അദ്ദേഹത്തിനടുത്ത് ചെന്നത്. അദ്ദേഹം എന്നോട് പറഞ്ഞു, ഇന്ത്യയൊട്ടാകെ ഇപ്പോള്‍ ഹൃദയത്തിലെ പാട്ടുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങള്‍ മികച്ച രീതിയിലാണ് എല്ലാം ചെയ്യുന്നത്”- ഹിഷാം ഫേസ്ബുക്കിൽ കുറിച്ചു.

Read More: അഴികൾക്ക് പകരം തുറന്ന ജാലകങ്ങളും ഓമനിക്കാൻ വളർത്തുമൃഗങ്ങളും- വ്യത്യസ്തമാണ് ഈ ജയിൽ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയം’ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററിൽ വമ്പൻ ഹിറ്റായിരുന്നു. തിയേറ്ററുകളിൽ വലിയ വിജയമായതിന് ശേഷം ഹൃദയം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ഫെബ്രുവരി 18 മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്.

Story Highlights: Hesham about meeting A. R. Rahman