എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറിക്കായി ഇറങ്ങി, ഇന്ന് 21 കാരി സമ്പാദിക്കുന്നത് ലക്ഷങ്ങൾ

March 14, 2022

ജീവിതത്തിൽ പല ജോലികളും ചെയ്ത് വലിയ വിജയം നേടിയ നിരവധിപ്പേർ നമുക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ എയർപോർട്ടിലെ വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറിക്കിറങ്ങി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടിയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെടുന്നത്. അറ്റ്ലാന്റ മാർട്ടിൻ എന്ന പെൺകുട്ടി താൻ ഗർഭിണിയായിരിക്കുമ്പോൾ തന്റെ ആവശ്യങ്ങൾക്കായി കുറച്ചധികം പണം സമ്പാദിക്കുന്നതിനായി ചെയ്തുതുടങ്ങിയതാണ് ഫുഡ് ഡെലിവറി. ആദ്യമൊക്കെ ഇതിൽ നിന്നും ഒരു ചെറിയ വരുമാനം പ്രതീക്ഷിച്ചുകൊണ്ടാണ് അറ്റ്ലാന ഈ ജോലി ചെയ്തുതുടങ്ങിയത്. എന്നാൽ പിന്നീട് ഇതിൽ നിന്നും കൂടുതൽ വരുമാനം ലഭിച്ചുതുടങ്ങിയതോടെ എയർപോർട്ടിലെ ഫ്ലൈറ്റ് ഡിസ്പാചർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ഫുഡ് ഡെലിവറിക്കാരിയാകുകയിരുന്നു അറ്റ്ലാന്റ.

കഴിഞ്ഞ രണ്ട് വർഷമായി മുഴുവൻ സമയ ഫുഡ് ഡെലിവറിക്കാരിയായി ജോലി ചെയ്യുകയാണ് അറ്റ്ലാന്റ. ഇപ്പോൾ ആഴ്ചയിൽ ഏകദേശം ഒരു ലക്ഷത്തിലധികം രൂപവരെ സമ്പാദിക്കുന്നുണ്ട് അറ്റ്ലാന്റ. എന്നാൽ ഈ പണം ഇവർ സമ്പാദിക്കുന്നത് വളരെയധികം കഠിനാധ്വാനത്തിലൂടെയാണ്. ദിവസവും പതിനൊന്ന് മണിക്കൂർ വരെ ഇവർ ജോലി ചെയ്യും. എന്നാൽ താൻ ഇപ്പോൾ ഈ ജോലിയിൽ വളരെയധികം സംതൃപ്തയാണെന്നും അറ്റ്ലാന്റ പറയുന്നുണ്ട്. അതേസമയം ഈ ജോലി മറ്റ് ജോലികളെ അപേക്ഷിച്ച് വലിയ ഗ്യാരന്റി നൽകുന്ന ഒന്നല്ല. എന്നാൽ ഇപ്പോൾ താൻ ആവശ്യത്തിന് പണം സമ്പാദിക്കുന്നുണ്ടെന്നും തന്റെ ഇഷ്ടത്തിനും സമയത്തിനും അനുസരിച്ചാണ് ജോലിയ്ക്ക് പോകാറുള്ളതെന്നും അറ്റ്ലാന്റ പറയുന്നു.

Read also: കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്തോനേഷ്യയിലുമുണ്ട് പറുദീസ ഗാനത്തിന് ആരാധകർ; ശ്രദ്ധനേടി ‘പറുദീസ’യുടെ ഇന്തോനേഷ്യൻ വേർഷൻ

അറ്റ്‌ലാന്റയിലെ വെസ്റ്റ് സസെക്‌സിലെ വർത്തിംഗിലെ താമസക്കാരിയാണ് ഈ പെൺകുട്ടി. അതേസമയം ഒരു കുട്ടിയുടെ ‘അമ്മ കൂടിയാണ് ഇവർ. എയർപോർട്ടിലെ ജോലിയിൽ നിന്നും അധികവരുമാനം ലഭിക്കാതെ വന്നതോടെ, ഒരു കുട്ടി കൂടി ഉണ്ടാകുമ്പോൾ ജീവിതം മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാകും എന്ന് തിരിച്ചറിഞ്ഞതോടെയാണ് അധികവരുമാനം സമ്പാദിക്കുന്നതിനായി അറ്റ്ലാന്റ ഫുഡ് ഡെലിവറി ജോലിയ്ക്ക് പോയി തുടങ്ങിയത്. എന്നാൽ ഇതിൽ നിന്നും നല്ല വരുമാനം ലഭിച്ചതോടെ സ്ഥിരമായി ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് കൂടുതൽ വരുമാനം ലഭിക്കുന്ന ഈ ജോലി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അറ്റ്ലാന്റ.

Story highlights: Inspirational life story of Atlanta