ലോകത്തിലെ ഏറ്റവും ഏകാന്തമായ മൃഗശാലയും, 81 കാരനായ പരിചാരകനും

March 12, 2022

തലവാചകം വായിച്ച് ഇതെന്താണ് സംഭവം എന്ന് ചിന്തിക്കുന്നവരോട്… പറഞ്ഞുവരുന്നത് 81 കാരനായ ലുവോ യിങ്‌ജിയു എന്ന വ്യക്തിയെക്കുറിച്ചാണ്, ഇനി ഇദ്ദേഹത്തിനെന്താണ് ഇത്ര വലിയ പ്രത്യേകത എന്ന് ചോദിച്ചാൽ പറയാൻ ഏറെയുണ്ട്. കാരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇദ്ദേഹം ഒറ്റയ്ക്ക് ഒരു മൃഗശാല നടത്തിവരുകയാണ്. അതും ലോകത്തിലെ ഏറ്റവും ഏകാന്തമായ മൃഗശാല. അതായത് ഈ മൃഗശാലയിൽ ഉണ്ടാകുന്നത് നമ്മൾ സാധാരണ മൃഗശാലകളിൽ കാണാറുള്ള മൃഗങ്ങളല്ല. മറിച്ച് അറവ് ശാലകളിൽ നിന്നോ മറ്റ് ഇടങ്ങളിൽ നിന്നോ ഒക്കെ രക്ഷപെടുത്തികൊണ്ടുവരുന്ന മൃഗങ്ങളാണ് ഇവിടെ ഉണ്ടാകുക. ഇതിൽ കൂടുതലും അസുഖം ബാധിച്ചവയും അംഗവൈകല്യം ഉള്ളവയും ഒക്കെയാകാം.

ചൈനയിലെ ഹുബെയ് പ്രദേശത്തെ ഫീനിക്സ് മൗണ്ടൻ ഫോറസ്റ്റ് പാർക്കിലാണ് ഈ മൃഗശാല സ്ഥിതിചെയ്യുന്നത്. മറ്റുള്ളവർ ഉപേക്ഷിച്ചതും തെരുവിലൂടെ അലഞ്ഞുനടക്കുന്നതുമായ മൃഗങ്ങളെ എടുത്ത് പരിചരിക്കുകയാണ് ലുവോ എന്ന വൃദ്ധൻ. അതേസമയം മറ്റ് മൃഗശാലയിലേതുപോലെ അധികം വെറൈറ്റി മൃഗങ്ങളൊന്നും ഇവിടെയില്ല. ഉള്ളവയിൽ മിക്കതും തീരെ ആരോഗ്യം കുറഞ്ഞതും. അതുകൊണ്ടുതന്നെ ഇവിടേയ്ക്കുള്ള സന്ദർശകരുടെ എണ്ണവും വളരെ കുറവാണ്. അതുകൊണ്ടുതന്നെയാണ് ഇതിനെ ലോകത്തിലെ ഏറ്റവും ഏകാന്തമായ മൃഗശാല എന്ന് വിളിക്കുന്നതും.

Read also; ചെരുപ്പ് തുന്നൽക്കാരിയിൽ നിന്നും സൂപ്പർ മോഡലിലേക്ക്- ജീവിതത്തിലും ജീവിതം കൊണ്ടും മോഡലായ ഒരമ്മ

അതേസമയം ഇത്തരത്തിൽ ഒരു മൃഗശാല തുടങ്ങിയതിന് പിന്നിലുമുണ്ട് കാരണങ്ങൾ ഏറെ. അസുഖം ബാധിച്ചതും അംഗവൈകലും സംഭവിച്ചതുമായ മൃഗങ്ങളെ കൂട്ടിൽ പാർപ്പിച്ച് തെരുവോരങ്ങളിൽ വിൽക്കുന്നത് കണ്ട് സഹതാപം തോന്നിയാണ് ലുവോ ഇവയെ പരിപാലിക്കാൻ തീരുമാനിച്ചത്. ആദ്യമൊക്കെ അസുഖം ബാധിച്ചതും അപകടം സംഭവിച്ചതുമായ മൃഗങ്ങൾക്ക് ആവശ്യമായ മരുന്നുകളും ചികിത്സയും നൽകി സുഖമായവരെ തിരികെ കാട്ടിലേക്ക് പറഞ്ഞയയ്ക്കുകയും ബാക്കിയുള്ളവയെ തന്നോടൊപ്പം താമസിപ്പിക്കുകയും ചെയ്തു ലുവോ. അതേസമയം സർക്കാരിന്റെ സഹായത്തോടെയാണ് അദ്ദേഹം ഈ മൃഗശാല തുടങ്ങിയതും അവിടെ മൃഗങ്ങളെ പരിചരിക്കാൻ തുടങ്ങിയതും. 1980 കളിൽ മൃഗങ്ങളെ പരിചരിക്കാൻ തുടങ്ങിയ അദ്ദേഹം 1989 ആയതോടെ മൃഗശാലയും ആരംഭിച്ചു. ഇന്നിപ്പോൾ നിരവധി മൃഗങ്ങളുണ്ട് ഈ മൃഗശാലയിൽ അദ്ദേഹത്തിനൊപ്പം.

Story highlights: Inspiring story of man saves abandoned animals