ഓരോ മൂന്ന് സെക്കൻഡിലും പുതിയ കേസുകൾ; നിസാരമായി കാണരുത് ഡിമെൻഷ്യയെ
തിരക്ക് പിടിച്ച ജീവിതത്തിനിടെയിൽ ഒരുപാട് കാര്യങ്ങൾ നാം മറക്കാറുണ്ട്. എന്നാൽ സ്ഥിരമായി നിങ്ങൾ എന്തെങ്കിലുമൊക്കെ മറക്കാറുണ്ടോ.. ? എങ്കിൽ ഇതിനെ അത്ര നിസാരമായി കാണേണ്ട ഒന്നല്ല. മറവിരോഗം അഥവാ ഡിമെൻഷ്യ അത്ര ചെറിയ കാര്യമല്ല. മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരികയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.
മസ്തിഷ്ക കോശങ്ങൾ നശിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ഇത് ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഡിമെൻഷ്യ. എന്നാൽ ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ ഇതിനെ ഒരു പരിധി വരെ തടയാനാകും. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണശീലത്തിലാണ്. അതിനൊപ്പം വ്യായാമം ഉറക്കം എന്നിവയൊക്കെ ഇതിന് ഒരുപരിധിവരെ കാരണമാകും.
മറവിരോഗത്തെ ഇല്ലാതാക്കാൻ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. പോഷക ഗുണങ്ങളുള്ള ആഹാരങ്ങൾ ശീലമാക്കുന്നത് വഴി ഒരു പരിധി വരെ ഇതിനെ തടയാൻ സാധിക്കും. അതുപോലെ പുകവലി ശീലമുള്ളവരാണെങ്കിൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, തൈറോയിഡ് എന്നിവ കൃത്യമായി പരിശോധിച്ച് ഇവയില്ലെന്ന് ഉറപ്പുവരുത്തണം.
ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. കൂടുതൽ ശ്രദ്ധ ആവശ്യമായ ചെസ്, സുഡോകു, പദപ്രശ്നം, അന്താക്ഷരി തുടങ്ങിയ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശ്രദ്ധിക്കണം. എല്ലാ സമയങ്ങളിലും മാനസീകമായി ഉണർന്നിരിക്കാൻ ശ്രദ്ധിക്കണം. പഴയ ചിത്രങ്ങൾ ആൽബങ്ങൾ എന്നിവ എടുത്തുവെച്ച് ആളുകളുടെ പേരുകൾ, സ്ഥലങ്ങൾ എന്നിവ ഓർത്തെടുത്ത് പറയാൻ ശ്രദ്ധിക്കണം. അതുപോലെ എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നത് ഓഴിവാക്കുക പകരം കാര്യങ്ങൾ സ്വന്തമായി ഓർത്തെടുക്കാൻ ശ്രമിക്കുക.
ദിവസവും ആറ് അല്ലെങ്കിൽ എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങണം. കൃത്യമായി ഉറങ്ങുന്നത് തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കും. നല്ല ഉറക്കം ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ രാത്രിയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരിൽ ഇതര പ്രായക്കാരേക്കാളും വൈകിയാണ് ഉത്പാദിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ നല്ല ഉറക്കം ഒരു കൗമാരക്കാരന് വളരെ അത്യാവശ്യമാണ്.
Story Highlights: Method to improve brain health and prevent dementia