ദാൽ തടാകത്തിന് സമീപം ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡൻ സന്ദർശകർക്കായി തുറന്നപ്പോൾ..

March 24, 2022

ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡൻ ബുധനാഴ്ച സന്ദർശകർക്കായി തുറന്നു നൽകി. ശ്രീനഗറിലെ ദാൽ തടാകത്തിന് അഭിമുഖമായി സബർവാൻ പർവതനിരയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഉദ്യാനം ഇടവേളയ്ക്ക് ശേഷം തുറന്നപ്പോൾ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.

കഴിഞ്ഞവർഷം മാർച്ച് 25-ന് ലഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവ് ബസീർ അഹമ്മദ് ഖാനാണ് ഉദ്യാനം ഔദ്യോഗികമായി തുറന്നുകൊടുത്തത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും, വെറും അഞ്ച് ദിവസത്തിനുള്ളിൽ 50,000 സന്ദർശകരാണ് ഉദ്യാനത്തിലേക്ക് എത്തിയത്. തുലിപ് നഴ്‌സറിയുടെ ഉദ്ഘാടന ദിവസം ഏകദേശം 4,500 സന്ദർശകരായിരുന്നു എത്തിയത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഈ ഗാർഡൻ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു.

ഈ വർഷവും മികച്ച പ്രതികരണമാണ് ഗാർഡന് ലഭിച്ചത്. അതിമനോഹരമായ ഈ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്നതും ചിത്രങ്ങൾ പകർത്തുന്നതുമൊക്കെ ശ്രദ്ധനേടുകയാണ്. പൂന്തോട്ടത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകൾ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം മാത്രം ഒരു ദശലക്ഷത്തിലധികം പൂക്കളുണ്ട് ഇവിടെ.

Read Also: ‘നവ്യാ എന്തൊരു തിരിച്ചുവരവാണ്’; ‘ഒരുത്തീ’ കാണേണ്ട സിനിമയെന്ന് ഭാവന

അതേസമയം, ഈ വർഷം മുഴുവൻ പൂന്തോട്ടം തുറന്നിടില്ല. ഏകദേശം ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിൽ, കൂടുതൽ സ്വദേശികളും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിനായി നിരവധി ആഘോഷങ്ങളും സംഘടിപ്പിക്കും.

Story highlights- Srinagar’s tulip garden, considered Asia’s largest, reopens