മികച്ച സ്‌കോറിൽ ഇന്ത്യ; ടീമിനിത് ജീവന്മരണ പോരാട്ടം

March 27, 2022

വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്കോർ നേടി ഇന്ത്യൻ വനിതാ ടീം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഓപ്പണര്‍മാരായ സ്‌മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ചേർന്ന് 15 ഓവറില്‍ നിന്ന് 91 റണ്‍സെടുത്തു. 46 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ഷെഫാലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ വന്ന യാസ്‌തിക ഭാട്യ 2 റൺസെടുത്ത് പുറത്തായി. തുടർന്നാണ് ക്യാപ്റ്റന്‍ മിതാലി രാജ് സ്‌മൃതിയോടൊപ്പം ചേർന്ന് സ്‌കോര്‍ 150 കടത്തിയത്. പുറത്താകുമ്പോള്‍ സ്‌മൃതി മന്ഥാനയ്‌ക്ക് 84 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറുമായി 71 റണ്‍സുണ്ടായിരുന്നു. മറുവശത്ത് മിതാലി 84 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സ് നേടി. അവസാന ഓവറുകളില്‍ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീതാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 21 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്ത് നിൽക്കുകയാണ്.

Read More: ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ജയസൂര്യ- പ്രജേഷ് സെൻ ചിത്രത്തിൽ നായികയായി മഞ്ജു വാര്യരും, റിലീസിനൊരുങ്ങി സിനിമ

നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കൂറ്റൻ വിജയം നേടിയിരുന്നു ഇന്ത്യൻ വനിതകൾ. ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 162 റൺസിന് എല്ലാവരും പുറത്തായി. നാല്പത്തിയൊന്നാം ഓവറിലായിരുന്നു വിൻഡീസിന്റെ പതനം പൂർണമായത്. ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്‌മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്‌നേഹ് റാണ മൂന്നും മേഘ്‌ന സിംഗ് രണ്ടും വിക്കറ്റ് വീഴ്‌ത്തി വിൻഡീസിന്റെ തോൽവി പൂർണമാക്കി.

ഇന്നത്തെ മത്സരം ഇന്ത്യൻ വനിതകൾക്ക് നിർണായകമാണെങ്കിലും പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. ക്യാപ്റ്റൻ മിതാലി രാജിനും സൂപ്പർതാരം സ്‌മൃതി മന്ദാനയ്ക്കുമൊപ്പം കുറെയേറെ യുവതാരങ്ങളും അണിനിരക്കുന്ന ഇന്ത്യൻ ടീം ലോകകപ്പ് നേടാൻ കഴിയുന്ന ഒരു ടീം തന്നെയാണെന്നാണ് ആരാധകരുടെയും കളി നിരീക്ഷകരുടെയും വിലയിരുത്തൽ.

Story Highlights: Women’s world cup india vs south africa