22 വർഷത്തെ റോഡ് ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി സാപ്പ് കുടുംബം

March 15, 2022

യാത്രയെ സ്നേഹിക്കുന്ന നിരവധിപ്പേരെ നമുക്കറിയാം. എന്നാൽ ജീവിതത്തിലെ തിരക്കുകൾ കഴിഞ്ഞിട്ട് യാത്ര ചെയ്യാം എന്ന് കരുതുന്നവർക്ക് പലപ്പോഴും അത് കഴിയാറില്ല. എന്നാൽ മറ്റെല്ലാം ഉപേക്ഷിച്ച് യാത്ര ചെയ്യാൻ ഇറങ്ങിയ സാപ്പ് കുടുംബത്തെ ഇന്ന് പലർക്കും പരിചിതമാണ്. അർജന്റീനയിലെ സാപ്പ് കുടുംബം 2000 മുതൽ ലോകമെമ്പാടും സഞ്ചരിക്കാൻ ഇറങ്ങിതിരിച്ചതാണ്. ഇതിനോടകം 22 വർഷങ്ങൾ പിന്നിട്ട ഈ കുടുംബം ഇപ്പോൾ ഇവരുടെ യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇതിനോടകം 362,000 കിലോമീറ്ററോളം സഞ്ചരിച്ച സാപ്പ് കുടുംബം 102 രാജ്യങ്ങളും അഞ്ച് ഭൂഖണ്ഡങ്ങളും സഞ്ചരിച്ചുകഴിഞ്ഞു. അവർ ആദ്യമായി യാത്രയ്ക്കിറങ്ങിയ അതേയിടത്തിൽ ഇപ്പോൾ അവർ തിരിച്ചെത്തിക്കഴിഞ്ഞു. 2000 ജനുവരി 25 നാണ് 31 കാരനായ ഹെർമനും 29 കാരനായ ഭാര്യ കാൻഡലേറിയയും തങ്ങളുടെ യാത്രകൾ തുടങ്ങിയത്. ഇന്ന് 53 ആം വയസിൽ ഹെർമൻ അന്ന് യാത്രകൾ ആരംഭിച്ച അതേ ബ്യൂണസ് അയേഴ്‌സിൽ തിരിച്ചെത്തി, ഒപ്പം തങ്ങളുടെ യാത്രകൾക്ക് ഒരു താത്കാലിക വിരാമം കൂടി ഇട്ടിരിക്കുകയാണ് ഈ കുടുംബം.

Read also:കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്തോനേഷ്യയിലുമുണ്ട് പറുദീസ ഗാനത്തിന് ആരാധകർ; ശ്രദ്ധനേടി ‘പറുദീസ’യുടെ ഇന്തോനേഷ്യൻ വേർഷൻ

അതേസമയം ഈ റോഡ് യാത്രക്കിടെ ഇവർക്ക് നാല് മക്കൾ ഉണ്ടായി. അവരുടെ വിദ്യാഭ്യാസവും കാര്യങ്ങളുമടക്കം യാത്രയ്ക്കിടെത്തന്നെയാണ് ഈ ദമ്പതികൾ നോക്കിയത്. ഇവരുടെ ആദ്യത്തെ കുട്ടി പാംപ അമേരിക്കയിലാണ് ജനിച്ചത്. പാംപയ്ക്ക് ഇപ്പോൾ 19 വയസുണ്ട്. 16 വയസുള്ള തെഹുവ അർജന്റീനയിലും 14 വയസ്സുള്ള പലോമ കാനഡയിലും 12 വയസ്സുള്ള വല്ലബി ഓസ്‌ട്രേലിയയിലുമാണ് ജനിച്ചത്. അതേസമയം സ്വന്തം വാഹനത്തിലാണ് ഇവർ യാത്രകൾ ചെയ്തിരുന്നത്. യാത്രയ്ക്കിടെ പല അസുഖങ്ങളും ഇവർക്കുണ്ടായി. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത ഇവർ 22 വർഷങ്ങൾ നീണ്ട യാത്രയ്ക്ക് ശേഷമാണ് തങ്ങളുടെ സഞ്ചാരം അവസാനിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ ക്രൗഡ് ഫണ്ടിങ് നടത്തിയും പുസ്തകങ്ങൾ വിറ്റുമൊക്കെയാണ് മുന്നോട്ടുള്ള യാത്രയ്ക്ക് ഇവർ പണം കണ്ടെത്തിയത്.

Story highlights: Zapp family returned after 22-years of the world tour