അച്ഛനെ ഒരിക്കലും കണ്ടിട്ടില്ല, അമ്മ ജീവനോടെ ഉണ്ടായിട്ടും വളർന്നത് അനാഥാലയത്തിൽ- ഉള്ളുതൊട്ട് ഒരു പെൺജീവിതം

April 7, 2022

വളരെ ദൗർഭാഗ്യകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഓരോരുത്തരും. എനിക്കുമാത്രം എന്തുകൊണ്ട് ഇങ്ങനെ എന്നും താൻ അനുഭവിക്കുന്നതാണ് ഏറ്റവും വലിയ ദുഃഖമെന്നും കരുതുന്നവർക്ക് മുന്നിൽ ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലൂടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ പങ്കുവെച്ച് എത്തുന്നവർ അനേകമാണ്. നമ്മൾ എത്രയോ ഭാഗ്യവാന്മാർ എന്ന് സ്വയംതോന്നിപോകുന്ന അനുഭവങ്ങളാണ് പല മത്സരാർത്ഥികൾക്കും വേദിയിൽ പങ്കുവയ്ക്കാനുള്ളത്.

കണ്ണൂർ സ്വദേശിനി അമൃതയുടെ കഥയും ഇങ്ങനെ ഉള്ളുതൊടുകയാണ്. നന്നേ ചെറുപ്പത്തിൽ തന്നെ അനാഥത്വം അനുഭവിക്കേണ്ടി വന്നതാണ് അമൃതയ്ക്ക്. അച്ഛൻ എവിടെയെന്ന് അമൃതയ്ക്ക് അറിയില്ല. കണ്ടതായിപോലും ഓർമ്മയിൽ ഇല്ല. ‘അമ്മ ജീവനോടെ ഉണ്ടെങ്കിലും അഞ്ചാം ക്ലാസ് മുതൽ അനാഥാലയത്തിലാണ് വളർന്നത്. അമ്മയുടെ പിതാവിനൊപ്പമാണ് അമൃതയും സഹോദരിയും ബാല്യകാലത്ത് കഴിഞ്ഞിരുന്നത്. അമൃത രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘അമ്മ മറ്റൊരു വിവാഹം കഴിച്ചു. പിന്നീട് ദുരിതക്കയമായിരുന്നു അവർക്ക് മുന്നിൽ.

രണ്ടാം വിവാഹത്തിൽ അമ്മയ്ക്ക് ഒരു മകൾ കൂടി ഉണ്ടായതോടെ അമൃതയെയും സഹോദരിയെയും അനാഥാലയത്തിലേക്ക് അയച്ചു. കൊച്ചുമക്കൾ തന്റെ മകൾക്കൊപ്പം ഇല്ല എന്നറിഞ്ഞ അച്ചാച്ചൻ, പത്തനംതിട്ടയിലെ അനാഥാലയത്തിലെ എത്തി അവരെ വീണ്ടും തിരികെ കൊണ്ടുപോയി. എന്നാൽ, സർട്ടിഫിക്കറ്റ് പോലും ഇല്ലാതെ ഒരുവർഷത്തോളം സ്‌കൂളിൽ പോലും പോകാതെയിരിക്കേണ്ടി വന്നു ഈ സഹോദരിമാർക്ക്. പിന്നീടും അമ്മയുടെ സ്നേഹമോ കരുതലോ ലഭിക്കാതെ ഒറ്റപ്പെടലിന്റെ നാളുകളിൽ വീണ്ടും അനാഥാലയത്തിലേക്ക് ഇരുവരും എത്തി.

Read Also: സൗഹൃദത്തോളിലേറി അലിഫ് കോളേജ് വരാന്തയിൽ-ഉള്ളുതൊടുന്നൊരു സൗഹൃദ കാഴ്ച

ഇന്ന് അമൃതയുടെ എല്ലാ ദുഃഖവും ഏറ്റെടുത്ത് തണലൊരുക്കി ഭർത്താവും കുടുംബവും കൂടെയുണ്ട്. ചെറുപ്പത്തിൽ അനുഭവിച്ച എല്ലാ ദുരിതങ്ങൾക്കും പകരമായി അമൃതയെ ചിറകിൽ ചേർത്തുനിർത്തി സ്നേഹിക്കുന്ന ഒരമ്മയെയും വിവാഹത്തോടെ ലഭിച്ചു. ഉള്ളുതൊടുന്ന അനുഭവങ്ങൾ സമ്മാനിച്ച അമ്മയോട് പക്ഷെ ഇന്നും സ്നേഹമാണ് അമൃതയ്ക്ക്. പിന്നീട് ഒരിക്കലും കാണേണ്ടി വന്നിട്ടില്ലെങ്കിലും, തനിക്ക് ഒരു മകൾ മാത്രമേ ഉള്ളു എന്ന് പറഞ്ഞ് തള്ളിപറഞ്ഞിട്ടും ഈ മകൾ അമ്മയെ സ്നേഹിക്കുകയാണ്.

Story highlights- amrutha orukodi fame lifestory