തകർന്നടിഞ്ഞ് ബാംഗ്ലൂർ; സൺറൈസേഴ്‌സ് ഹൈദരാബാദിന് നിസ്സാര വിജയലക്ഷ്യം

April 23, 2022

സൺറൈസേഴ്‌സ് ഹൈദരാബാദിന് മുൻപിൽ ബാംഗ്ലൂർ ബാറ്റ്‌സ്മാൻമാർ ഓരോരുത്തരായി മുട്ട് മടക്കുന്ന കാഴ്‌ചയാണ്‌ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ന് കണ്ടത്. വെറും 16.1 ഓവറിൽ 69 റൺസിനാണ് ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് അവസാനിച്ചത്. സുയാഷ് പ്രഭുദേശായ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ മാത്രമാണ് ബാംഗ്ലൂർ നിരയിൽ ഇന്ന് രണ്ടക്കം കടന്നത്.

വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റിട്ട ടി നടരാജനും 25 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റിട്ട മാർകോ ജാൻസനുമാണ് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞത്. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ കണക്ക് കൂട്ടലുകൾ മുഴുവൻ പിഴച്ചത് ഈ ബൗളർമാർക്ക് മുന്നിലായിരുന്നു.

തുടക്കം മുതൽ തന്നെ ബാംഗ്ലൂരിന്റെ തകർച്ച ആരംഭിച്ചിരുന്നു. മാര്‍ക്കോ ജാന്‍സന്‍റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ക്ലീന്‍ ബൗള്‍ഡായി. കഴിഞ്ഞ മത്സരത്തിൽ ഡക്കിന് പുറത്തായ മുൻ നായകൻ വിരാട് കോലിക്ക് ഈ മത്സരത്തിലും വിധി മറ്റൊന്നായിരുന്നില്ല. തുടർച്ചയായ രണ്ട് മത്സരങ്ങളിലാണ് കോലി റണ്ണൊന്നും എടുക്കാതെ പുറത്താകുന്നത്. അതേ ഓവറിലെ അവസാന പന്തില്‍ അനുജ് റാവത്തിനെ കൂടി മടക്കി ജാന്‍സന്‍ ബാംഗ്ലൂരിന്‍റെ തകർച്ചയ്ക്ക് തുടക്കമിട്ടിരുന്നു.

പിന്നീടാണ് നടരാജന്റെ രംഗപ്രവേശം. 12 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലിനെ ഹൈദരാബാദ് നായകൻ കെയ്ന്‍ വില്യംസണിന്‍റെ കൈകളിലെത്തിച്ച നടരാജൻ ഹര്‍ഷല്‍ പട്ടേലിനെയും വാനിന്ദു ഹസരങ്കയെയും കൂടി പവലിയനിലേക്ക് മടക്കിയാണ് ബാംഗ്ലൂരിന്റെ തകർച്ച പൂർത്തിയാക്കിയത്.

Read More: വിജയത്തേരോട്ടം തുടർന്ന് രാജസ്ഥാൻ; ഡൽഹിയെ കീഴടക്കിയത് 15 റൺസിന്

ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയത്.

Story Highlights: Bangalore has a low score against hyderabad