അമേരിക്കൻ പോലീസിനോട് താൻ മമ്മൂട്ടിയാണെന്ന് പറഞ്ഞപ്പോൾ നടന്ന രസകരമായ അനുഭവം ഓർത്തെടുത്ത് കൊല്ലം തുളസി
വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്.
കേരളത്തിന്റെ കലാ-സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും അറിവിന്റെ വേദിയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്‌ത താരം കൊല്ലം തുളസി ഒരു കോടി വേദിയിലെത്തിയ എപ്പിസോഡാണ് ശ്രദ്ധേയമാവുന്നത്.
എപ്പിസോഡിൽ അമേരിക്കയിൽ വച്ച് നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ചപ്പോഴാണ് വേദിയിൽ ചിരി പടർന്നത്. അമേരിക്കയിൽ ഒരു പരിപാടിക്ക് ശേഷം അമിത വേഗതയിൽ വണ്ടി ഓടിച്ച് ട്രാഫിക് സിഗ്നലും തെറ്റിച്ച കൊല്ലം തുളസിയും കൊച്ചു പ്രേമനുമടക്കമുള്ള താരങ്ങളെ പോലീസ് തടയുന്നുണ്ട്. വനിതാ പൊലീസാണ് താരങ്ങളെ സമീപിക്കുന്നത്. അവരോടാണ് തങ്ങൾ ഇന്ത്യയിൽ നിന്നുള്ള താരങ്ങളാണെന്നും തന്റെ പേര് മമ്മൂട്ടി എന്നാണെന്നും കൊല്ലം തുളസി പറയുന്നത്.
എന്നാൽ അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് വനിതാ പൊലീസുകാരി താങ്കൾ കൊല്ലം തുളസി അല്ലെ എന്ന് ചോദിക്കുന്നു. ഈ അനുഭവമാണ് കൊല്ലം തുളസി വേദിയിൽ പങ്കുവെച്ചത്. കേരളത്തിൽ വേരുകളുള്ള ആളായിരുന്ന പോലീസുകാരിക്ക് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം തുളസി പണ്ട് ഒരുപകാരം ചെയ്‌തു കൊടുത്തിരുന്നു. അവരത് ഓർത്തിരിക്കുകയും അമേരിക്കയിൽ വച്ച് താരത്തിന് പ്രത്യുപകാരം ചെയ്യുകയും ചെയ്‌തുവെന്നാണ് കൊല്ലം തുളസി പറയുന്നത്.
Story Highlights: Kollam thulasi funny incident in america