ആദ്യ ജയത്തിനായി മുംബൈക്ക് ഇനിയും കാത്തിരിപ്പ്; പഞ്ചാബിന്റെ വിജയം 12 റൺസിന്

April 14, 2022

തുടർച്ചയായ അഞ്ചാം തോൽവിയാണ് ഇന്ന് പഞ്ചാബിനെതിരെ മുംബൈ ഏറ്റുവാങ്ങിയത്. അവസാനം വരെ പൊരുതി കളിച്ചെങ്കിലും മുംബൈ ഇന്ത്യൻസിന് ജയം അകന്ന് നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ 12 റൺസിന്റെ വിജയമാണ് പഞ്ചാബ് നേടിയത്.

ഡിവാള്‍ഡ് ബ്രേവിസും സൂര്യകുമാർ യാദവും മുംബൈക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇരുവർക്കും ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. പഞ്ചാബിനായി 4 വിക്കറ്റെടുത്ത ഒഡെയ്ന്‍ സ്മിത്താണ് മുംബൈ ബാറ്റിങ് നിരയെ തകർത്തത്.

നേരത്തെ 70 റൺസെടുത്ത ശിഖർ ധവാനും 52 റൺസെടുത്ത മായങ്ക് അഗർവാളുമാണ് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സാണ് അടിച്ചുകൂട്ടിയത്. പത്താം ഓവറിൽ മുരുഗൻ അശ്വിന്റെ ബോളിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മായങ്ക് പുറത്താവുന്നത് വരെ മുംബൈ ബൗളിംഗ് നിരയ്ക്ക് വലിയ തലവേദനയാണ് ഈ സഖ്യം നൽകിയത്.

ശിഖർ ധവാനെയും അവസാന ഓവറുകളിൽ നിർണായകമായ പ്രകടനം കാഴ്‌ചവെച്ച ഷാരൂഖ് ഖാനെയും മുംബൈയുടെ മലയാളി താരം ബേസിൽ തമ്പിയാണ് പുറത്താക്കിയത്. 14 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന ജിതേശ് ശര്‍മയാണ് അവസാന ഓവറുകളിൽ പഞ്ചാബിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

Read More: ‘സൂപ്പർമാൻ’ റായുഡു; വൈറലായി അമ്പാട്ടി റായുഡുവിന്റെ ക്യാച്ച്-വിഡിയോ

മുംബൈക്കായി ബേസിൽ തമ്പി രണ്ട് വിക്കറ്റ് നേടിയപ്പോൾ ജയദേവ് ഉനദ്കട്ടും ജസ്പ്രീത് ബുമ്രയും മുരുഗൻ അശ്വിനും പഞ്ചാബിന്റെ ഓരോ വിക്കറ്റ് വീതം പിഴുതു.

Story Highlights: Mumbai loses against punjab