കൂറ്റൻ വിജയലക്ഷ്യമുയർത്തി പഞ്ചാബ്; ശക്തമായി തിരിച്ചടിച്ച് മുംബൈ

April 13, 2022

തകർത്തടിച്ച ശിഖർ ധവാന്റെയും നായകൻ മായങ്ക് അഗർവാളിന്റെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ കൂറ്റൻ സ്‌കോർ കണ്ടെത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയും മികച്ച ഫോമിലാണ്. 9 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണ് മുംബൈ നേടിയിരിക്കുന്നത്.

70 റൺസെടുത്ത ശിഖർ ധവാനും 52 റൺസെടുത്ത മായങ്ക് അഗർവാളുമാണ് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സാണ് അടിച്ചുകൂട്ടിയത്. പത്താം ഓവറിൽ മുരുഗൻ അശ്വിന്റെ ബോളിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മായങ്ക് പുറത്താവുന്നത് വരെ മുംബൈ ബൗളിംഗ് നിരയ്ക്ക് വലിയ തലവേദനയാണ് ഈ സഖ്യം നൽകിയത്.

ശിഖർ ധവാനെയും അവസാന ഓവറുകളിൽ നിർണായകമായ പ്രകടനം കാഴ്‌ചവെച്ച ഷാരൂഖ് ഖാനെയും മുംബൈയുടെ മലയാളി താരം ബേസിൽ തമ്പിയാണ് പുറത്താക്കിയത്. 14 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന ജിതേശ് ശര്‍മയാണ് അവസാന ഓവറുകളിൽ പഞ്ചാബിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

മുംബൈക്കായി ബേസിൽ തമ്പി രണ്ട് വിക്കറ്റ് നേടിയപ്പോൾ ജയദേവ് ഉനദ്കട്ടും ജസ്പ്രീത് ബുമ്രയും മുരുഗൻ അശ്വിനും പഞ്ചാബിന്റെ ഓരോ വിക്കറ്റ് വീതം പിഴുതു.

Read More: ചരിത്രം കുറിക്കാൻ ഹിറ്റ്മാൻ രോഹിത് ശർമ്മ; കാത്തിരിക്കുന്നത് വലിയ റെക്കോർഡ്

തുടർച്ചയായ 4 പരാജയങ്ങൾക്ക് ശേഷമാണ് മുംബൈ ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനക്കാരായ മുംബൈക്ക് ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. മോശമായ തുടക്കം നേടുമെങ്കിലും പിന്നീട് കരുത്തരായി തിരിച്ചു വന്ന് കപ്പടിക്കാറുള്ള മുംബൈയുടെ ചരിത്രത്തിലാണ് ആരാധകർ ആശ്വാസം കണ്ടെത്തുന്നത്.

അതേ സമയം മുംബൈയെ പോലെ തന്നെ ഒരു ജയം അനിവാര്യമായ ടീമാണ് പഞ്ചാബ് കിങ്‌സ്. പോയിന്റ് ടേബിളിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് പഞ്ചാബ്. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമാണ് ഇന്ന് പൂനെ സ്റ്റേഡിയത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്.

Story Highlights: Punjab has a huge score against mumbai