ഐപിഎല്ലിൽ ഇന്ന് ‘രാജകീയ’ പോരാട്ടം; രാജസ്ഥാൻ-ബാംഗ്ലൂർ മത്സരം രാത്രി 7.30 ന്

April 26, 2022

ഐപിഎല്ലിൽ ഇന്ന് തീപാറുന്ന പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഇന്ന് രാത്രി 7.30 ന് പുനെയിൽ വച്ച് നേരിടുകയാണ്. വിജയത്തേരോട്ടം തുടരാനായി രാജസ്ഥാൻ ഇന്നിറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനോടേറ്റ കനത്ത തോൽവിയുടെ ക്ഷീണം മാറ്റാനാണ് ആർസിബി ഇന്നിറങ്ങുന്നത്.

മികച്ച ഫോമിലുള്ള ജോസ് ബട്ലറിൽ തന്നെയാണ് രാജസ്ഥാന്റെ ബാറ്റിംഗ് പ്രതീക്ഷകളത്രയും. ഓറഞ്ച് ക്യാപ്പിനുടമ കൂടിയായ ബട്ലർ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളിൽ കാഴ്‌ചവെച്ചത്. മികച്ച പിന്തുണ തന്നെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ, മലയാളി താരം ദേവദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്മെയർ അടക്കം ബട്ലറിന് നൽകുന്നത്. ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്‌ണയും നയിക്കുന്ന പേസ് നിരയും ചാഹലും രവിചന്ദ്രൻ അശ്വിനും നയിക്കുന്ന സ്‌പിൻ നിരയും രാജസ്ഥാനെ മികച്ച ബൗളിംഗ് നിരയാക്കി മാറ്റുന്നുണ്ട്.

അതേ സമയം ഫോം കണ്ടെത്താൻ വിഷമിക്കുന്ന മുൻ നായകൻ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ഏറ്റവും വലിയ തലവേദന. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റണ്ണൊന്നും എടുക്കാതെ ഡക്ക് ആവുകയായിരുന്നു കോലി. ജോഷ് ഹെയ്‌സൽവുഡ്, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ തുടങ്ങിയ ബൗളർമാരുടെ പ്രകടനത്തിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരത്തിലെ ബാംഗ്ലൂരിന്റെ പ്രകടനം.

Read More: ‘ഭാവിയിൽ ജഡേജ ഇന്ത്യൻ ടീമിനെ നയിക്കും’; പ്രവചനവുമായി ചെന്നൈ താരം

കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയമാണ് രാജസ്ഥാൻ നേടിയെടുത്തത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ 15 റൺസിനാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചത്. രാജസ്ഥാൻ ഉയർത്തിയ 223 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

Story Highlights: Royal match today at ipl