മൂന്ന് വർഷത്തിന് ശേഷമൊരുങ്ങുന്ന സത്യൻ അന്തിക്കാട് ചിത്രം; മീര ജാസ്മിൻ- ജയറാം കൂട്ടുകെട്ട് ഒന്നിച്ച മകൾ പ്രേക്ഷകരിലേക്ക്

April 21, 2022

ജയറാം- മീര ജാസ്മിൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മകൾ. വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തുന്ന മീര ജാസ്മിൻ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പെരുന്നാൾ റിലീസായി ഏപ്രിൽ 29 ന് ആയിരിക്കും ചിത്രമെത്തുക.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ജയറാമും മീര ജാസ്മിനും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീനിവാസൻ, നസ്ലിൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂർണമായും ഒരു ഫാമിലി എന്റർടൈനറായിരിക്കും ചിത്രം എന്നാണ് സിനിമയുടെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകുന്ന സൂചന.

അതേസമയം ഒരു കാലത്ത് മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന മീര ജാസ്മിൻ വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മകൾ. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്. ജയറാമിന്റെ ഭാര്യ കഥാപാത്രമാണ് ജൂലിയറ്റ്.

Read also: ഇത് കറാച്ചിയിലെ ടാർസൻ; ഒറ്റരാത്രികൊണ്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയ 28 കാരനും പറയാനുണ്ട് ഹൃദയംതൊടുന്നൊരു ജീവിതകഥ

അതേസമയം 2001-ൽ ലോഹിതദാസ് സംവിധാനം നിർവഹിച്ച സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതാണ് മീര ജാസ്മിൻ. ചിത്രത്തിൽ ശിവാനി എന്ന കഥാപാത്രത്തെയാണ് താരം അവതിരിപ്പിച്ചത്. ശിവാനിയെ ഹൃദത്തിലേറ്റിയ മലയാളികൾക്ക് പിന്നീട് മനോഹരമായ നിരവധി കഥാപാത്രങ്ങളെ മീര സമ്മാനിച്ചു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.

Story highlights: Sathyan Anthikkad film after three years