കരളിനും വേണം കരുതൽ- കൂടിവരുന്ന കരൾ രോഗങ്ങൾ തടയാൻ ഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കാം
കഴിഞ്ഞ കുറച്ച് നാളുകളായി കരൾ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നുണ്ട്. ഒരോ വർഷവും ഇന്ത്യയിൽ ശരാശരി രണ്ട് ലക്ഷത്തോളം പേർ കരൾ രോഗം ബാധിച്ച് മരണപ്പെടുന്നുണ്ട്. ലിവർ സിറോസിസ് പോലുള്ള വിട്ട് മാറാത്ത കരൾ രോഗങ്ങൾ കേരളത്തിൽ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ പലപ്പോഴും കരൾ രോഗങ്ങൾക്ക് കാരണമാകാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
പലതരത്തിലുള്ള രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്. മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ വരെ ഇത്തരം രോഗാവസ്ഥകളുടെ ഉദാഹരണങ്ങളാണ്. കരളിന്റെ ആരോഗ്യത്തിന് കോട്ടംതട്ടിയാല്‍ അത് ശരീരത്തെ കാര്യമായിത്തന്നെ ബാധിക്കും. കരളിന്റെ ആരോഗ്യസംരക്ഷണത്തിന് ജീവിതരീതിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പരിചയപ്പെടാം.
ദിവസേനയുള്ള വ്യായമം കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. യോഗ ചെയ്യുന്നതും നല്ലതാണ്. പ്രതിദിനം ഏകദേശം 30 മുതല്‍ 40 മിനിറ്റ് വരെ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതിനു പുറമെ മദ്യപാനവും പുകവലിയും കരളിനെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളാണ്. ഇവ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണകാര്യത്തിലും കരുതല്‍ വേണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഓട്സ്, ബ്രോക്കോളി, ബദാം, ബ്ലൂബെറി എന്നിവയും ഡയറ്റിന്റെ ഭാഗമാക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെതന്നെ ജങ്ക് ഫുഡും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നതും കരളാണ്. മാലിന്യങ്ങളേയും ശരീരത്തിലെ അനാവശ്യമായ മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലും കരള്‍ നിസ്തുലമായ പങ്കുവഹിക്കുന്നു.
Story highlights: World liver day- liver disease and food habits