വമ്പൻ സ്‌കോർ നേടി ഡൽഹി ക്യാപിറ്റൽസ്; സെഞ്ചുറി കൂട്ടുക്കെട്ടിൽ വാർണറും പവലും

May 5, 2022

ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ക്യാപിറ്റൽസ് കൂറ്റൻ സ്‌കോറാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയത്. നേരത്തെ ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരമായിരുന്ന ഡേവിഡ് വാർണറുടെയും റൊവ്‌മാന്‍ പവലിന്‍റെയും അര്‍ധസെഞ്ചുറികളാണ് ഹൈദരാബാദിനെതിരെ ഡൽഹിക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്.

52 പന്തിൽ 92 റൺസെടുത്ത ഡേവിഡ് വാർണറുടെയും 35 പന്തിൽ 67 റൺസെടുത്ത റൊവ്‌മാന്‍ പവലിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് ഡൽഹി ക്യാപിറ്റൽസ് 3 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തത്. ഹൈദരാബാദിനായി ഭുവനേശ്വർ കുമാറും ഷോൺ ആബട്ടും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 5 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 24 റൺസെടുത്തിട്ടുണ്ട്.

ബാറ്റിംഗ് തകർച്ചയോടെയായിരുന്നു ഡൽഹി തുടങ്ങിയത്. പൃഥ്വി ഷായ്ക്ക് പകരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മന്‍ദീപ് സിംഗിനെ ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറിൽ തന്നെ പുറത്താക്കി. പിന്നീട് മിച്ചൽ മാർഷും നായകൻ ഋഷഭ് പന്തും പുറത്തായതിന് ശേഷം 85-3 എന്ന നിലയിൽ ഡൽഹി നിൽക്കുമ്പോഴാണ് പവലും വാര്‍ണറും ക്രീസിൽ ഒരുമിക്കുന്നത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് നേടിയത്. 34 പന്തിൽ വാർണർ അര്‍ധസെഞ്ചുറി തികച്ചപ്പോൾ 30 പന്തിലാണ് പവൽ അര്‍ധസെഞ്ചുറി നേടിയത്.

Read More: ബാംഗ്ലൂർ-ചെന്നൈ മത്സരത്തിനിടെ ആർസിബി ആരാധകന് വിവാഹാഭ്യർത്ഥന; തൊട്ടടുത്ത പന്തിൽ പ്രപ്പോസൽ ആഘോഷമാക്കി കോൺവേയുടെ സിക്‌സർ- വിഡിയോ

ഉമ്രാൻ മാലിക്ക് എറിഞ്ഞ അവസാന ഓവറിൽ 19 റൺസാണ് പവൽ അടിച്ചുകൂട്ടിയത്. 3 ഫോറും ഒരു സിക്‌സറും ഉൾപ്പെടുന്നതായിരുന്നു അവസാന ഓവറിലെ പവലിന്റെ വെടിക്കെട്ട്.

Story Highlights: Delhi gets a huge score against hyderabad