മുടിയിൽ നേരത്തേ നര കയറിത്തുടങ്ങിയോ..? കാരണം അറിഞ്ഞ് പരിഹരിക്കാം

May 10, 2022

മുൻപൊക്കെ പ്രായമാകുന്നതിന്റെ അടയാളമായി മുടിനരയ്ക്കുന്നതിനെ അടയാളപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. ജനിതകപരമായ കാരണങ്ങളും മാനസിക സമ്മർദ്ദവുമടക്കം തല നരയ്ക്കുന്നതിനു പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ട്. ജീവിത ശൈലി, ഭക്ഷണ രീതി, കാലാവസ്ഥ, വെള്ളം തുടങ്ങിയവയൊക്കെ ചിലപ്പോൾ ഇതിന് കാരണങ്ങളാകാറുണ്ട്. ഇനി ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് മുടി നരയ്ക്കുന്നതിന് പിന്നിലെങ്കിൽ ഒരു പരിധിവരെ ഇത് നമുക്ക് തടയാനാകും.

തലയോട്ടിയില്‍ മുടി വളര്‍ന്നുതുടങ്ങുന്ന ഭാഗത്ത് ഉണ്ടാകുന്ന പിഗ്മെന്റ് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന മെലാനിന്‍ എന്ന കെമിക്കല്‍ ആണ് മുടിക്ക് കറുപ്പ് നിറം നല്‍കുന്നത്. മെലാനിന്‍ ഉൽപാദനം കുറഞ്ഞാൽ മുടി നരച്ചുതുടങ്ങും. ഇത്തരത്തിൽ മുടി നരയ്ക്കുന്നതിന് പരിഹാരങ്ങൾ ഇല്ല. എന്നാൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണമെങ്കിൽ ഇത് ഭക്ഷണശീലത്തിലൂടെയും മറ്റും കുറയ്ക്കാനാകും.

ഓറഞ്ച്, നാരങ്ങ, മുന്തിരി , ഡാർക്ക് ചോക്ലേറ്റ്, കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി, ചീര, ലെറ്റൂസ്, സ്‌ട്രോബെറി, രാസ്‌ബെറി, ബ്രൂബെറി എന്നിവയൊക്കെ മെലാനിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്.

നെല്ലിക്ക മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും ഒരുപരിധിവരെ പരിഹാരമാണ്. പതിവായി നെല്ലിക്ക കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കും. ഉണക്കിയ നെല്ലിക്ക കുറച്ച് വെളിച്ചെണ്ണയിൽ ഇട്ട് തിളപ്പിച്ച് തലയിൽ നന്നായി മസാജ് ചെയ്യാം. ഇത് കറുത്ത മുടി വളരാൻ സഹായിക്കും.

കറിവേപ്പില പൊടിച്ചത് മോരിൽ കലർത്തി തലയിൽ തേച്ച ശേഷം ഉണങ്ങുമ്പോൾ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. വെളിച്ചെണ്ണയിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച് തേക്കുന്നതും ഉത്തമമാണ്. ഉരുളക്കിഴങ്ങിന്റെ തൊലി, ​ചീവയ്ക്ക തുടങ്ങിയവയെല്ലാം അകാല നരക്ക് പരിഹാരമാണ്. ഉള്ളി നീരിൽ അകാലനര അകറ്റുവാൻ സഹായിക്കുന്ന കാറ്റലേയ്സ് എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഉള്ളി നീരും ഗോതമ്പ് പുല്ല് പൊടിച്ചതും ചേർത്ത മിശ്രിതം ഏതെങ്കിലും എണ്ണയിൽ ചേർത്ത് തലയിൽ പുരട്ടുന്നത് നര തടയും.

Read also: ആ രഹസ്യം ഇനി നാട്ടുകാർ കൂടി അറിയട്ടെ; അമൃതവർഷിണിയുടെ പെർഫെക്റ്റ് സിംഗിങ്ങിന് പിന്നിലെ കാരണം ചോദിച്ച് എംജി…

ഹോർമോൺ അസന്തുലിതാവസ്ഥ പലപ്പോഴും മുടിനരയ്ക്കാൻ കാരണമാകാറുണ്ട്. പുകവലി മുടിയെ കാര്യമായി ബാധിക്കും. പുകവലിക്കുന്നവരുടെ മുടി ചെറുപ്പത്തിൽ തന്നെ നരച്ച് തുടങ്ങും. രോഗപ്രതിരോധ ശേഷി കുറയുന്നതും നരയിലേക്ക് നയിക്കാം. തൈറോയിഡുള്ള ആളുകൾക്ക് പൊതുവെ നര ഒരു രോഗലക്ഷണമായി പറയാം. ഹൈപ്പർ തൈറോയ്ഡിസവും, ഹൈപ്പോ തൈറോയ്ഡിസവും ഉള്ളവർക്ക് മുടി നരയ്ക്കാറുണ്ട്.

അതേസമയം  ജനിതകപരമായ തകരാർ മൂലമുണ്ടാകുന്ന അകാലനര പരിഹരിക്കാൻ കഴിയില്ല. ഇത്തരം കേസുകളിൽ ഡോക്റുമാരുടെ നിർദ്ദേശപ്രകാരമുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നതാണ് ഉത്തമം.

Story highlights: Method to prevent grey hair