ഒരിക്കൽ കൂടി ആ മാന്ത്രിക ശബ്ദത്തിൽ ഉണ്ണി മേനോൻ പാടി, ‘പുതു വെള്ളൈ മഴൈ..’- വിഡിയോ

May 20, 2022

തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ഉണ്ണി മേനോൻ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. മലയാളത്തിന് പുറമെ തമിഴിലും ഉണ്ണി മേനോന്റെ ശബ്ദ സൗകുമാര്യം പ്രസിദ്ധമാണ്. മലയാളികൾക്ക് അദ്ദേഹം ഒരു ചെമ്പനീർ പൂവും,മഴനീർ തുള്ളികളും, ഒരായിരം കിനാക്കളുമൊക്കെയാണെങ്കിൽ തമിഴിൽ ആ പട്ടിക നീളും.. അതിലേറ്റവും പ്രധാനമായും ഉണ്ണി മേനോൻ എന്ന ഗായകനെ അടയാളപ്പെടുത്തിയ ഗാനമാണ് പുതു വെള്ളൈ മഴൈ..

റോജ എന്ന സിനിമയിൽ എ ആർ റഹ്‌മാൻ ഈണം പകർന്ന ഗാനം ഉണ്ണി മേനോന് ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു. ശബ്ദത്തിന്റെ ആ നൈർമല്യമാണ് ഈ ഗായകന് തുണയായത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷവും അദ്ദേഹം പാടുമ്പോൾ ഒരു പുതു വെള്ളൈ മഴൈ പെയ്തുതോർന്ന അനുഭൂതിയാണ് ആസ്വാദകർക്ക്. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്ത ഒരുകോടി കിലുക്കം പരിപാടിയിൽ എത്തിയപ്പോഴും എല്ലാവരും ഉണ്ണി മേനോനോട് ആവശ്യപ്പെട്ടത് ‘പുതു വെള്ളൈ മഴൈ..’ എന്ന ഗാനമാണ്.

Read Also: ‘മണി ഹീസ്റ്റ്’ കൊറിയൻ പതിപ്പ് എത്തുന്നു; കഥയിലും ചരിത്രം സൃഷ്‌ടിച്ച മുഖംമൂടിയിലും അടിമുടി മാറ്റം- ട്രെയ്‌ലർ

അതീവ ഹൃദ്യമായി അദ്ദേഹം പാടി ഹൃദയങ്ങൾ കീഴടക്കി. തെന്നിന്ത്യയില്‍ ഒട്ടാകെ നാലായിരത്തോളം പാട്ടുകള്‍ പാടി ശ്രദ്ധേയനായ ഗായകനാണ് ഉണ്ണി മേനോന്‍. സിനിമാ ഗാനങ്ങൾക്ക് പുറമെ ലളിത ഗാനം മുതല്‍ ഭക്തി ഗാനം വരെ അദ്ദേഹം ആലപിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം സിനിമയിലെ ‘രതി പുഷ്പം’ എന്ന് തുടങ്ങുന്ന ഗാനം പാടിയത് ഉണ്ണിയായിരുന്നു. ഇത് കൂടാതെ അനേകം പാട്ടുകള്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

Story highlights- unni menon orukodi kilukkam episode