‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തമിഴ് റീമേക്കായ ‘കൂഗിൾ കുട്ടപ്പ’യിലെ ആദ്യ ഗാനമെത്തി

May 19, 2022

2019-ൽ മലയാളത്തിൽ റിലീസ് ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർ 5.25ന്റെ തമിഴ് റീമേക്കാണ് കൂഗിൾ കുട്ടപ്പ. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. തമിഴിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിച്ചിരിക്കുന്നത് സംവിധായകനും നടനുമായ കെ എസ് രവികുമാറാണ്. രവി കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. തര്‍ഷാനും ലോസ്ലിയയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഹ്യൂമനോയിഡാണ് മറ്റൊരു ആകര്‍ഷണം. ആദ്യാവസാനം ചിരിയും ചിന്തയും നിറച്ച ചിത്രത്തിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ കുഞ്ഞപ്പനും നിറഞ്ഞ കൈയടിയാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

ഓരോ ചലനങ്ങളിലും ഏറെ മികവ് പുലർത്തിയ കുഞ്ഞപ്പനെ വെള്ളിത്തിരയിൽ വിസ്‌മയമാക്കിയത് സൂരജ് തേലക്കാടാണ്. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തിയത്. കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ ചിത്രം പുതിയ കാലത്തിലെ ആളുകളെക്കുറിച്ചും ടെക്‌നോളജിയുടെ വളർച്ചയെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. ഒപ്പം അച്ഛൻ മകൻ ബന്ധത്തിന്റെ ആഴവും പരപ്പും ചിത്രം പറയുന്നുണ്ട്.

Story highlights- Video Song from Koogle Kuttappa