‘ജോർദാനിൽ ഞങ്ങളെ പ്രചോദിപ്പിക്കാൻ ആരാണ് വന്നത് എന്ന് നോക്കൂ!’- ശ്രദ്ധനേടി പൃഥ്വിരാജ് പങ്കുവെച്ച ചിത്രം

June 1, 2022

ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാനോ തിരികെ മടങ്ങാനോ സാധിക്കാതെ മരുഭൂമിയിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം, ജോർദാനിൽ ഇളവുകൾ ലഭിച്ചതോടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം സംഘം വീണ്ടും ജോർദാനിലേക്ക് ബാക്കി ചിത്രീകരണങ്ങൾക്കായി പോയിരിക്കുകയാണ്.

ജോർദാനിൽ നിന്നും ലൊക്കേഷൻ വിശേഷങ്ങൾ പൃഥ്വിരാജ് പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ലൊക്കേഷനിൽ സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. എ ആർ റഹ്മാനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നടൻ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ‘ജോർദാനിലെ വാദി റമിലേക്ക് ടീമിനെ പ്രചോദിപ്പിക്കാൻ ആരാണ് വന്നത് എന്ന് നോക്കൂ! ഞങ്ങളെ കാണാനെത്തിയതിന് എ ആർ റഹ്‌മാൻ സാറിന് നന്ദി!’- പൃഥ്വിരാജ് കുറിക്കുന്നു. എ ആർ റഹ്‌മാനാണ് ആടുജീവിതത്തിന്റെ സംഗീതം നിർവഹിക്കുന്നത്. അതേസമയം, ആടുജീവിതം സെറ്റിൽ നിന്നുള്ള ചിത്രം എ ആർ റഹ്‌മാനും പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യ ഷെഡ്യുളുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് ജോർദാനിലേക്ക് അണിയറപ്രവർത്തകർ പോയത്. പിന്നീട് നാട്ടിലേക്ക് എത്തി ഇത് രണ്ടാം തവണയാണ് ജോർദാനിലേക്ക് മടങ്ങുന്നത്.

Read Also: പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ

ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.

Story highlights- a r rahman visits jordan set of aadujeevitham movie