കുയിൽനാദവുമായി സംഗീത വേദിയിൽ ദേവനക്കുട്ടി, കൈയടികളോടെ എതിരേറ്റ് വിധികർത്താക്കൾ;
മനോഹരമായ മറ്റൊരു നിമിഷത്തിന് സാക്ഷിയായി ഫ്ളവേഴ്സ് ടോപ് സിംഗർ വേദി
മലയാളികളുടെ ഇടയിൽ വലിയ ആരാധകവൃന്ദമാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്നു ഗായകർക്കുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്. പ്രശസ്തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.
ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.
അതിമനോഹരമായ ഒരു പാട്ടിലൂടെ പാട്ട് വേദിയുടെ പ്രിയ ഗായിക ദേവനശ്രിയ വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവർന്നിരിക്കുകയാണ്. രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ. സമൂഹമാധ്യമങ്ങളിൽ ദേവനശ്രിയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടി ഇപ്പോൾ മറ്റൊരു ഗാനത്തിലൂടെ വേദിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
‘നക്ഷത്രങ്ങൾ പറയാതിരുന്നത്’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനമാണ് “കുക്കു കുക്കു കുയിലേ..” എന്ന് തുടങ്ങുന്ന ഗാനം. ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തെ വാനമ്പാടിയായ കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രം വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിത്താരയാണ്.
മുകേഷും ദിവ്യ ഉണ്ണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഈ ഗാനവുമായി സംഗീത വേദിയിലെത്തി കൈയടി വാങ്ങുകയാണ് കൊച്ചു ഗായിക ദേവനക്കുട്ടി.
Story Highlights: Devanasriya impresses judges with an amazing performance