“ക്ഷമ വേണം, സമയമെടുക്കും..”; ആരാധകരെ പൊട്ടിച്ചിരിപ്പിച്ച് വൈറലായി കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച വിഡിയോ

July 8, 2022

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിനുള്ള ആരാധക പിന്തുണ കണ്ട് പലപ്പോഴും കായിക ആരാധകർ അമ്പരന്ന് പോയിട്ടുണ്ട്. അത് കൊണ്ട് തന്നെ വലിയ ആവേശത്തോടെയാണ് ടീം തങ്ങളുടെ ആരാധകരുമായി ഇടപെടുന്നത്. വിമർശനങ്ങൾക്ക് പോലും രസകരമായ മറുപടികളാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആരാധകർക്ക് സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് പങ്കുവെച്ച ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമാവുന്നത്. അടുത്ത സീസണിലേക്കുള്ള താരങ്ങളുടെ ട്രാൻസ്‌ഫർ തുടങ്ങാനുള്ള സമയമായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ സൈനിങ്‌ എപ്പോഴാണെന്ന് ആരാധകർ കഴിഞ്ഞ കുറച്ചു നാളുകളായി ചോദിക്കുന്നുണ്ടായിരുന്നു. ഇതിനുള്ള മറുപടിയായാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ട്രോൾ രൂപത്തിലുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ക്ഷമ വേണം, സമയമെടുക്കും” എന്ന പ്രശസ്‌ത സിനിമ ഡയലോഗ് കുറിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കമെന്റുകൾക്കുള്ള മറുപടിയായി മഹേഷിന്റെ പ്രതികാരത്തിലെ ദിലീഷ് പോത്തന്റെ ‘ചിൽ സാറ ചിൽ’ എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീം വിഡിയോ പങ്കുവെച്ചത്.

Read More: “ജ്യേഷ്‌ഠ സഹോദരനായ താങ്കളെ ക്ലീൻ ബൗൾഡ് ആക്കിയത് ഏറ്റവും വലിയ ബഹുമതിയായി കാണുന്നു..”; ധോണിക്ക് പിറന്നാളാശംസയുമായി ശ്രീശാന്ത് പങ്കുവെച്ച വൈറൽ വിഡിയോ

അതേ സമയം കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമും ഏറ്റുമുട്ടുന്ന മത്സരത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരു ടീമുകളിലും അണിനിരക്കുന്നത് മികച്ച ഒരു കൂട്ടം താരങ്ങളായത് കൊണ്ട് തന്നെ വമ്പൻ പോരാട്ടമായിരിക്കും നടക്കാൻ പോവുന്നതെന്ന കാര്യത്തിൽ ആരാധകർക്ക് സംശങ്ങളൊന്നുമില്ല. സെപ്റ്റംബറിൽ കൊച്ചിയിൽ വച്ചാണ് മത്സരം നടക്കുന്നത്.

Story Highlights: Kerala blasters shares viral video