മൂന്നാം മാസത്തിൽ അഭിനയലോകത്തേക്ക് എത്തിയ പാറുക്കുട്ടിയുടെ ആദ്യ ശമ്പളമിതായിരുന്നു- വിഡിയോ

July 10, 2022

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഉപ്പും മുളകും. വർഷങ്ങളോളം ഫ്‌ളവേഴ്‌സ് ചാനലിൽ സജീവമായി ചരിത്രം സൃഷ്‌ടിച്ച പരമ്പര ഹാസ്യത്തിലൂടെയാണ് പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയത്. ഉപ്പും മുളകും ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ പരമ്പരയുടെ പ്രധാന ആകർഷണം പാറുക്കുട്ടിയാണ്.

ജനിച്ച് മൂന്നാംമാസത്തിൽ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയതാണ് പാറുക്കുട്ടി. ലോകടെലിവിഷനിൽ പോലും മൂന്നാം മാസത്തിൽ അഭിനയം ആരംഭിച്ച മറ്റൊരു കുട്ടിയുണ്ടാകില്ല. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലൂടെ പാറുക്കുട്ടിയുടെ ആദ്യ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 2000 രൂപയാണ് പാറുക്കുട്ടിക്ക് ശമ്പളമായി ലഭിച്ചത്. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ മിയ ജോർജ് അതിഥിയായി എത്തിയപ്പോഴാണ് പാറുക്കുട്ടിയെക്കുറിച്ച് സംസാരിച്ചത്. ഇത്രയും ചെറിയ പ്രായത്തിൽ അഭിനയിച്ചുതുടങ്ങിയത് ഒരു റെക്കോർഡ് തന്നെയായിരിക്കും എന്നാണ് മിയയും പറഞ്ഞത്.

Read Also; തീയിലിട്ടാലും ഉരുകില്ല; വേറിട്ടൊരു ചൈനീസ് ഐസ്‌ക്രീം- വിഡിയോ

ഉപ്പും മുളകും സീസൺ 2 പത്താം എപ്പിസോഡിൽ താരമായിരിക്കുന്നത് പാറുക്കുട്ടിയാണ്. എപ്പിസോഡ് മുന്നോട്ട് പോകുന്നത് തന്നെ പാറുക്കുട്ടിലൂടെയാണ്. രസകരമാണ് ഈ കുഞ്ഞു മിടുക്കിയുടെ അഭിനയവും ഡയലോഗുകളും. കരച്ചിലും ചിരിയും തമാശയുമൊക്കെയായി പാറുക്കുട്ടി സ്‌കോർ ചെയ്യുകയാണ് എന്നാണ് ഉപ്പും മുളകും ആരാധകർ കമന്റ്റ് ചെയ്യുന്നത്.

പാറുക്കുട്ടിയുടെ വരവോടെയാണ് ഉപ്പും മുളകിനും കൂടുതൽ ആരാധകരായത്. ജനിച്ച് മൂന്നു മാസം മുതൽ ഉപ്പും മുളകിലൂടെ പാറുക്കുട്ടി പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്. പാറുക്കുട്ടി ആദ്യമായി അച്ഛാ എന്ന് വിളിച്ചതും, നടക്കാൻ പഠിച്ചതും, ഡയലോഗുകൾ പറയാൻ പഠിച്ചതുമെല്ലാം പ്രേക്ഷകരുടെ മുന്നിലാണ്.

Story highlights- parukkutty’s first remuneration