‘നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടു പോയി..’-പൊട്ടിചിരിപ്പിച്ച് രസിപ്പിച്ചൊരു പാട്ട്

July 8, 2022

പാട്ടിന്റെ രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടിനൊപ്പം തന്നെ ചിരിനിമിഷങ്ങളും ഈ വേദിയിൽ പിറക്കാറുണ്ട്. കുരുന്നുഗായകർ അവരുടെ ആലാപന മാധുര്യത്തിലൂടെയും കുസൃതിനിറഞ്ഞ സംസാരത്തിലൂടെയുമെല്ലാമാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഇപ്പോഴിതാ, ആലപ്പുഴയിൽ നിന്നും മല്സരവേദിയുടെ താളമായി മാറിയ വൈഗാലക്ഷ്മി വളരെ രസകരമായ ഒരു പ്രകടനവുമായി എത്തിയിരിക്കുകയാണ്.

ചട്ടമ്പി കല്യാണി എന്ന സിനിമയിലെ ‘നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടു പോയി..’ എന്ന ഗാനമാണ് വൈഗാലക്ഷ്മി ആലപിക്കുന്നത്. പാട്ടുമാത്രമല്ല, പ്രകടനം കൊണ്ടും പൊട്ടിചിരിപ്പിക്കുകയാണ് ഈ മിടുക്കി. ഹാസ്യത്തിന്റെ മേമ്പൊടിയുമായാണ് വൈഗാലക്ഷ്മി വേദിയിൽ എത്തിയത്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചെന്ന് മാത്രമല്ല, വൈഗയ്ക്ക് നൂറിൽ നൂറു മാർക്കും ലഭിച്ചു.

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയാണ് ടോപ് സിംഗർ. വ്യത്യസ്ത ആലാപന ശൈലികളിലൂടെ ഒട്ടേറെ കുരുന്നു ഗായകരാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. ഒന്നാം സീസൺ ഉയർത്തിയ ആവേശം രണ്ടാം സീസണിലും ഒട്ടു കുറഞ്ഞിട്ടില്ല. മത്സരപ്പൂരം വാശിയോടെ മുറുകുമ്പോഴും, കുസൃതിയും തമാശകളുമായി വേദി സജീവമാണ്.

രണ്ടാം സീസണിൽ മത്സരിക്കാനെത്തിയതിൽ അധികവും വൈറൽ ഗായകരാണ്. പലരും മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു. അതിലൊരാളാണ് വൈഗാലക്ഷ്മി. വൈഗാലക്ഷ്മിയുടെ തീരെ ചെറുപ്പത്തിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അച്ഛനൊപ്പം വൈഗാലക്ഷ്മി പാടുന്ന വീഡിയോയാരുന്നു ഇത്.

Read Also; വെള്ളം കുടിച്ച ശേഷം ടാപ്പ് ഓഫ് ചെയ്യുന്ന നായ- കയ്യടിനേടിയ കാഴ്ച

‘മിനുങ്ങും മിന്നാമിനുങ്ങേ..’ എന്ന ഗാനമാണ് അച്ഛനും മകളും ചേർന്ന് പാടുന്നത്. മധുരമായി മകൾ പാടുമ്പോൾ അച്ഛന്റെ കണ്ണ് നിറയുകയും ശബ്ദമിടറി പാട്ടു പാതിവഴിയിൽ നിർത്തുകയുമാണ്. എന്നാൽ, അച്ഛന് പതറിയിട്ടും മകൾ നിർത്തിയില്ല. അതിമനോഹരമായി വൈഗാലക്ഷ്മി ഗാനം പൂർത്തിയാക്കി. ഒട്ടേറെ ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

Story highlights- vygalakshmi’s funny performance