വൻ തിരിച്ചു വരവിനൊരുങ്ങുന്ന വിരാട് കോലി; പരിശീലന വിഡിയോ പങ്കുവെച്ച് താരം

August 11, 2022

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു താരം. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ ഏഷ്യ കപ്പിന് തിരിച്ചു വരവിനൊരുങ്ങുകയാണ്. ഏഷ്യ കപ്പിൽ വീണ്ടും ഫോം കണ്ടെത്താൻ കഴിയുമെന്നാണ് താരത്തിന്റെ ആത്മവിശ്വാസം.

അതേ സമയം കോലി പരിശീലനം നടത്തുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഇന്‍ഡോര്‍ സൗകര്യങ്ങളില്‍ റണ്ണിംഗ് പരിശീലനം നടത്തുന്നതിന്റെ വിഡിയോ താരം ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കിയിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഏഷ്യ കപ്പിന് 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത കോലിക്ക് ടി 20 ലോകകപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്. പരുക്കിൽ നിന്ന് മുക്തനായ കെ.എൽ.രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ.എൽ.രാഹുലാണ്.

Read More: അമ്മയായി പത്ത് മാസത്തിനുള്ളിൽ കോമൺവെൽത്ത് മെഡൽ; ദീപിക തന്റെ അഭിമാനമെന്ന് ദിനേശ് കാർത്തിക്ക്

സ്പിൻ ബൗളേഴ്‌സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർമാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ ,ചാഹല്‍, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഹർദിക് പാണ്ഡ്യ പ്രതീക്ഷിച്ച പോലെ ടീമിൽ ഇടം നേടി. പക്ഷെ പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം കൂട്ടാൻ സൂര്യ കുമാർ യാദവും ദീപക് ഹൂഡയും ടീമിലുണ്ട്.

Story Highlights: Virat kohli practice video goes viral

.