12 വർഷങ്ങൾക്ക് ശേഷം വീണ്ടും ജ്യോതിക മലയാളത്തിൽ; മമ്മൂട്ടിയുടെ ‘കാതൽ’ സെറ്റിൽ ജോയിൻ ചെയ്‌തു

October 28, 2022

നടൻ മമ്മൂട്ടിയുടെ നിർമ്മാണകമ്പനിയായ മമ്മൂട്ടി കമ്പനി ഒരു പിടി മികച്ച ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോൾ തിയേറ്ററുകളിൽ സിനിമ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങി വമ്പൻ വിജയത്തിലേക്ക് നീങ്ങുകയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റൊരു ചിത്രമായ ‘റോഷാക്ക്.’

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജിയോ ബേബിയുടെ ‘കാതൽ.’ മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ നായികയാവുന്നത് ജ്യോതികയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്. ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്റർ പങ്കുവെച്ച് നടൻ മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത്. ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. ആന്‍റണി സ്റ്റീഫന്‍ ആണ് പോസ്റ്റര്‍ ഡിസൈൻ ചെയ്‌തിരിക്കുന്നത്‌.

ഇപ്പോൾ ജ്യോതിക കാതലിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്‌തിരിക്കുകയാണ്. സെറ്റിലേക്ക് ജ്യോതിക എത്തുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബർ 20 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്.

Read More: എം എസ് ധോണി നിർമ്മാണരംഗത്തേക്ക്; ആദ്യ ചിത്രത്തിൽ ഹരീഷ് കല്യാണും പ്രിയങ്കയും നായികാനായകന്മാർ

അതേ സമയം ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്.’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികളെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികെ എത്തിക്കുകയാണ് ചിത്രം.

Story Highlights: Jyothika joins kathal set