പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘കൊറോണ പേപ്പേഴ്‌സ്’ തുടക്കമായി- നായകന്മാരായി ഷെയ്ൻ നിഗമും ഷൈൻ ടോം ചാക്കോയും

October 27, 2022

യുവതാരങ്ങളെ അണിനിരത്തി പ്രിയദർശൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. ഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ജൂണിൽ പ്രഖ്യാപിച്ച സിനിമയ്ക്ക് ‘കൊറോണ പേപ്പേഴ്‌സ്’ എന്ന് പേര് നൽകി. ഇന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി ഗായത്രി ശങ്കർ ആണ് കൊറോണ പേപ്പേഴ്‌സിലും നായികയായി എത്തുന്നത്.

പൂജ ചടങ്ങിൽ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് തിരികൊളുത്തി തുടക്കമിട്ടത്. സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രിയദർശൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അതേ സമയം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലാണ് കുഞ്ഞാലി മരക്കാർ നാലാമനായി ചിത്രത്തിൽ അഭിനയിച്ചത്.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ്.

Story highlights- priyadarshan movie corona papers shoot started