ലോകകപ്പ് കോടിയേറ്റത്തിന് കൊഴുപ്പേകാൻ ആനപ്പറമ്പിലെ വേൾഡ് കപ്പിലെ ഗാനമെത്തി…

November 20, 2022

ഇന്നാണ് കാൽപന്തുകളിയുടെ മാമാങ്കത്തിന് കൊടിയേറുന്നത്. ഖത്തർ ലോകകപ്പിന് ഇന്ന് തിരി തെളിയുമ്പോൾ ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ ആവേശത്തിലാണ്. ഇങ്ങ് കേരളത്തിലും ആവേശം വാനോളമാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർത്തിയാണ് ആരാധകർ ആവേശം പ്രകടിപ്പിച്ചത്. മെസിയുടെയും നെയ്‌മറുടെയും റൊണാൾഡോയുടെയും നിരവധി കട്ടൗട്ടുകളാണ് കേരളത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.

ഇപ്പോൾ ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗാനമാണ് ശ്രദ്ധേയമാവുന്നത്. ആൻറണി വർഗീസ് നായകനായെത്തുന്ന ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ എന്ന ചിത്രത്തിലെ “എങ്ങാണെങ്ങാണ്..” എന്ന് തുടങ്ങുന്ന ഗാനമാണ് ആവേശം നിറയ്ക്കുന്നത്. ജേക്‌സ് ബിജോയ് സം​ഗീതം നൽകിയിരിക്കുന്നു ​ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്താണ് വരികൾ രചിച്ചിരിക്കുന്നത്.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഒരു ഫുട്ബോള്‍ താരമായാണ് ആൻറണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ഹിഷാം എന്നാണ് ചിത്രത്തില്‍ ആൻറണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബാലു വര്‍ഗീസ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read More: ഇത്തവണ വനിതകളുടെ വിസിൽ മുഴങ്ങും; ലോകകപ്പ് ചരിത്രത്തിലാദ്യമായി മത്സരം നിയന്ത്രിക്കാൻ വനിത റഫറിമാർ

നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ ഫൈസ് സിദ്ദിഖാണ്. ഈ സ്‌പോർട്‌സ് ഡ്രാമയുടെ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിഭാഗം നൗഫൽ അബ്ദുള്ളയും ജിത്ത് ജോഷിയും കൈകാര്യം ചെയ്യുന്നു. ആൻറണി വർഗീസിനെ കൂടാതെ ടിജി രവി, ഐ എം വിജയൻ, ബാലു വർഗീസ്, ലുക്മാൻ അവറൻ, നിശാന്ത് സാഗർ, രഘുനാഥ് പലേരി, ജോ പോൾ അഞ്ചേരി, ആസിഫ് സഹീർ, ഷൈജു ദാമോദരൻ, ദിനേശ് മോഹൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story Highlights: Aanapparambile world cup song released