ഇത് ഗോട്ടുകളുടെ സംഗമം; മെസിക്കും നെയ്‌മറിനും പിന്നാലെ റൊണാൾഡോയുടെയും കട്ടൗട്ട് ഉയർത്തി പുള്ളാവൂർ ഗ്രാമം

November 6, 2022

ലോകകപ്പ് ആവേശത്തിലാണ് കേരളത്തിലെ ഫുട്‍ബോൾ ആരാധകർ. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർത്തിയാണ് ആരാധകർ ആവേശം പ്രകടിപ്പിക്കുന്നത്. നേരത്തെ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ കട്ടൗട്ട് ഉയർത്തി മെസി-നെയ്‌മർ ആരാധകർ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കോഴിക്കോട് പുള്ളാവൂർ ഗ്രാമത്തിലെ ചെറുപുഴയിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഭീമൻ കട്ടൗട്ടുകൾ ഉയർത്തുകയായിരുന്നു അർജന്റീന ബ്രസീൽ ആരാധകർ.

ഇപ്പോൾ ഇവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ ആരാധകർ. റൊണാൾഡോയുടെ വമ്പൻ കട്ടൗട്ടാണ് ആരാധകർ പുഴയിൽ ഉയർത്തിയിരിക്കുന്നത്. തലയെടുപ്പോടെയാണ് മൂന്ന് താരങ്ങളുടെയും കട്ടൗട്ടുകൾ പുഴയിൽ നിൽക്കുന്നത്. ഇത് ഗോട്ടുകളുടെ സംഗമമാണെന്നാണ് ആരാധകർ പറയുന്നത്.

അതേ സമയം കേരളത്തിലാകെ ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ളക്സുകളും നിറയുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് ഇവിടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്‍റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്‌ത്‌ വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് വാർത്തയായിരുന്നു. കൂടാതെ അർജന്‍റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അർജന്‍റീന ആരാധകരും ഈ കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചു.

Read More: ഇന്ത്യ സെമിയിലേക്ക്; സിംബാബ്‌വേയ്‌ക്കെതിരെ 71 റൺസിന്റെ കൂറ്റൻ വിജയം

എന്നാൽ ഇതിന് ശേഷം മറ്റൊരു വിഡിയോ വൈറലായി മാറിയിരുന്നു. അർജന്‍റീന ആരാധകർക്കുള്ള മറുപടിയായി നെയ്‌മറിന്റെ കൂറ്റൻ കട്ടൗട്ട് വച്ചിരിക്കുകയാണ് ബ്രസീൽ ആരാധകർ. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതേ പുഴയിൽ ബ്രസീൽ ആരാധകർ ഉയർത്തിയത്. തല ഉയർത്തി നിൽക്കുന്ന മെസ്സിയും നെയ്‌മറുമെല്ലാം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

Story Highlights: Cristiano ronaldo cut out at pullavoor