ഇന്ത്യ സെമിയിലേക്ക്; സിംബാബ്‌വേയ്‌ക്കെതിരെ 71 റൺസിന്റെ കൂറ്റൻ വിജയം

November 6, 2022

ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വേയ്‌ക്ക് കനത്ത തോൽവി. 71 റൺസിനാണ് ഇന്ത്യ സിംബാബ്‌വേയെ തകർത്തെറിഞ്ഞത്. 17.2 ഓവറിൽ 115 റൺസ് എടുക്കുമ്പോഴേക്കും സിംബാബ്‌വേ ഓൾ ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റും മുഹമ്മദ് ഷമിയും ഹർദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റുകളും നേടി. 35 റണ്‍സ് നേടിയ റ്യാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

മെൽബണിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. 61 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും 51 റൺസ് നേടിയ കെ.എൽ രാഹുലിന്റെയും അർധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ വലിയ സ്‌കോർ നേടിയത്. സീന്‍ വില്യംസ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ പിഴുതു.

ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തിക്കിനു പകരം ഋഷഭ് പന്ത് ടീമിലെത്തിയിരുന്നു. സിംബാബ്‌വെ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. മിൽട്ടൻ ഷുംബ, ലുക്ക് ജോങ്ങ്വെ എന്നിവർക്ക് പകരം ടോണി മുണ്യോങ്ങ, വെല്ലിങ്ങ്ടൺ മസകാഡ്സ എന്നിവർ ടീമിലെത്തി. ഇന്നത്തെ മത്സരത്തിൽ വിജയിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

Read More: “കോലി ലോകകപ്പുമായി എത്തും..”; വിരാട് കോലിക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് നടൻ ആൻറണി വർഗീസ് പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിറങ്ങിയത്.

Story Highlights: India huge win against zimbabwe