“തന്നന്നം താനന്നം താളത്തിലാടി..”; ആടിയും പാടിയും പാട്ടുവേദിയുടെ മനസ്സ് കവർന്ന് ധ്വനിക്കുട്ടി
മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.
ഇപ്പോൾ ധ്വനിക്കുട്ടിയുടെ അതിമനോഹരമായ ഒരു പ്രകടനമാണ് പ്രേക്ഷകരുടെ മനസ്സ് കവരുന്നത്. ‘യാത്ര’ എന്ന ചിത്രത്തിലെ “തന്നന്നം താനന്നം താളത്തിലാടി..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് ധ്വനി വേദിയിലെത്തിയത്. സംഗീത സാമ്രാട്ട് ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കവി ഒ.എൻ.വി കുറുപ്പാണ്. ആടിയും പാടിയും വേദിയുടെ മനസ്സ് നിറയ്ക്കുകയായിരുന്നു ധ്വനിക്കുട്ടി.
അതിശയകരമായ ആലാപനത്തിനൊപ്പം ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം കഴിഞ്ഞ ദിവസം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്.
പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Story Highlights: Dhvani sings a beautiful ilayaraja song