മുംബൈ ഇന്ത്യൻസിനെതിരെ കളിക്കാൻ താൽപര്യമില്ല, പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു; ഇനി പുതിയ റോളിൽ

November 15, 2022

മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു. താരത്തെ മുംബൈ ഈ സീസണിൽ ഒപ്പം കൂട്ടാൻ സാധ്യതയില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പൊള്ളാർഡിന്റെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്. 12 വർഷത്തെ ഐപിഎൽ കരിയറിനാണ് ഇതോടെ അവസാനമാവുന്നത്. ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡിൻ്റെ വിരമിക്കൽ പ്രഖ്യാപനം. മറ്റൊരു ടീമിന്റെ ഭാഗമായി മുംബൈക്കെതിരെ മത്സരിക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് വിരമിക്കൽ കുറിപ്പിൽ പൊള്ളാർഡ് കുറിച്ചത്.

ടീമിൽ ഉണ്ടാവില്ലെങ്കിലും മുംബൈയുടെ ബാറ്റിംഗ് പരിശീലകനായി താരം അടുത്ത സീസണിൽ ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. 35 കാരനായ താരം 2010 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. സമ്മർദ്ദഘട്ടത്തിൽ പലപ്പോഴും പൊള്ളാർഡിൻ്റെ ബാറ്റ് ശബ്ദിച്ചിട്ടുണ്ട്. ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സാണ് പൊള്ളാർഡിൻ്റെ മർദനം കൂടുതൽ ഏറ്റുവാങ്ങിയത്. രണ്ട് ഫൈനലുകളിൽ ചെന്നൈക്ക് കിരീടം നിഷേധിച്ചത് പൊള്ളാർഡിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഫീൽഡിലും പൊള്ളാർഡ് തകർപ്പൻ പ്രകടനങ്ങൾ നടത്തി. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളായി പൊള്ളാർഡിൻ്റെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല.

Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ

പൊള്ളാർഡിനൊപ്പം വിൻഡീസ് ഓൾ റൗണ്ടർ ഫാബിയൻ അലൻ, ഇംഗ്ലണ്ട് പേസർ തൈമൽ മിൽസ്, ഇന്ത്യൻ താരങ്ങളായ മായങ്ക് മാർക്കണ്ഡെ, ഹൃതിക് ഷോകീൻ എന്നിവരെയും മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്. മലയാളി താരം ബേസിൽ തമ്പിയെ ടീം നിലനിർത്തി. ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫ് മുംബൈ ഇന്ത്യൻസിൽ തിരികെയെത്തിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നാണ് താരം മുംബൈയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ആർസിബി ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ചത്. എന്നാൽ താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.

Story Highlights: Kieron Pollard retires from ipl